പത്തനംതിട്ട : പൂവേ.... പൊലി പൂവേ... പൊലി പൂവേ... പൊലി പൂവേ...ഓണപ്പാട്ടുകൾ ഉയരുന്നത് വേദിയിൽ നിന്നല്ല സ്ക്രീനിൽ നിന്നാണ്. സൂം പോലുള്ള ആപ്ലീക്കേഷൻ ഉപയോഗിച്ച് കോൺഫറൻസ് കോൾ വഴി ഓണപ്പാട്ട് മത്സരം നടക്കുകയാണ് കാമ്പസുകളിൽ. കൊവിഡ് ആയതിനാൽ കോളേജുകളിൽ ഓണാഘോഷവും ഓൺലൈനിലാണ്. മലയാളിമങ്ക, മലയാളി മന്നൻ, ഓണപ്പാട്ട് എന്നിവ... ഫോട്ടോയും വീഡിയോയും എടുത്ത് അപ്ലോഡ് ചെയ്യുകയും കോളേജിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകർ അത് വിലയിരുത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒരുമിച്ചിരുന്ന് സദ്യ കഴിക്കാനും അത്തപൂക്കളമിടാനും കഴിയാത്ത വിഷമത്തിലാണ് വിദ്യാർത്ഥികൾ. കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾ ഇനിയും ഒത്തുചേരാനാകില്ലെന്ന സങ്കടത്തിലും. കൊവിഡ് നഷ്ടപ്പെടുത്തിയ ആഘോഷങ്ങൾ ഇങ്ങനെ മാത്രമേ തിരികെ പിടിക്കാൻ കഴിയൂ എന്നാണ് അദ്ധ്യാപകർ പറയുന്നത്. മാനസികമായി വിദ്യാർത്ഥികൾക്ക് കരുത്തുപകരാൻ ആഘോഷങ്ങളിലൂടെ കഴിയുമെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെടുന്നു.
"കോളേജ് കാലം തന്നെ ഒരാഘോഷമാണ്. കൊവിഡ് കാരണം നഷ്ടപ്പെടുത്തിയ വിദ്യാർത്ഥികളുടെ അവസരങ്ങളെ തിരികെ നൽകാൻ കഴിയില്ല. ഇങ്ങനെ മാറി ചിന്തിച്ചാലെ കുറച്ചെങ്കിലും വിദ്യാർത്ഥികൾക്ക് അനുഭവഭേദ്യമാകു. അത് കൊണ്ടാണ് ഇങ്ങനെയൊരു ചിന്ത വന്നതും. എത്ര പ്രയാസപ്പെട്ടാണെങ്കിലും ഇത് നടപ്പാക്കാൻ അദ്ധ്യാപകരും പ്രിൻസിപ്പാളും ശ്രമിച്ചതും.എല്ലാ വിദ്യാർത്ഥികളും ഒരുമിച്ചു നിന്നു എന്നതാണ് സന്തോഷം. "
അസി. പ്രൊഫ. ഡി. ശ്രീരേഷ്
(ബി.എ.എം കോളേജ് തുരുത്തിക്കാട്)