തിരുവല്ല: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗം ബാധിച്ച യുവാവ് തുടർചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. തിരുവല്ല ചാത്തങ്കരി സുമാഭവനിൽ മണിക്കുട്ടൻ (34)ആണ് ഓണക്കാലത്തും രോഗദുരിതങ്ങൾമൂലം വിഷമിക്കുന്നത്. എട്ടുവർഷംമുമ്പ് പല്ലിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് രക്തത്തിൽ പ്ലേറ്റ് ലെറ്റ് കുറയുന്ന രോഗമുണ്ടെന്ന് മനസിലാകുന്നത്. ഏറെക്കാലമായി ഒട്ടേറെ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രക്തത്തിലെ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുന്നതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ബോൺമാരോ പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. ഒരാഴ്ചമുമ്പ് തലചുറ്റലുണ്ടായി മണിക്കുട്ടൻ താഴെവീണ് രക്തംവാർന്ന് കിടന്ന അവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡിന്റെ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയാൻ പറ്റാത്ത സാഹചര്യമാണ്. രോഗം കണ്ടെത്താനും ചികിത്സിക്കാനും കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പോകാൻ ഇവർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. മണിക്കുട്ടൻ മുമ്പ് കൂലിപ്പണികൾ ചെയ്തിരുന്നെങ്കിലും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ പോകാനാകുന്നില്ല. മണികുട്ടന്റെ മാതാവ് സുധാമണി വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. മാനസിക വൈഷമ്യങ്ങൾ കാരണം സഹോദരി അഗതിമന്ദിരത്തിൽ കഴിയുകയാണ്. മണിക്കുട്ടൻ്റെ തുടർചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനായി സുമനസുകളുടെ സഹായം തേടുകയാണ് ഈകുടുംബം. ഇതിനായി മണിക്കുട്ടന്റെ പേരിൽ വിജയ ബാങ്കിന്റെ നെടുമ്പ്രം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 205001011000680. ഐ.എഫ്.എസ്.സി: VlJB0002050.