കോന്നി : ഇടനിലക്കാരുടെ തട്ടിപ്പ് ഒഴിവാക്കി ഇനി മുതൽ കോലിഞ്ചി കർഷകർക്ക് യഥാർത്ഥ വിലയും സബ്‌സിഡിയും ലഭിക്കും. കോലിഞ്ചി കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോലിഞ്ചി കർഷകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കാനും തീരുമാനമായി. കോലിഞ്ചി കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം വിലസ്ഥിരത ഇല്ലായ്മയാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളിൽ കിലോയ്ക്ക് പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അഞ്ചിലൊന്ന് ലഭിക്കുന്നത്.
കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകം. ജില്ലയിൽ നിന്ന് സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുകയാണ്. മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും നിർമ്മിക്കുന്നതിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളിൽ ദാഹശമനിയായും ഉപയോഗിക്കുന്നുണ്ട്. ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമാക്കിയുള്ള ചില വ്യക്തികളിൽ മാത്രമായി ഇതിന്റെ വ്യാപാരം ഒതുങ്ങി നിൽക്കുന്നതാണ് കർഷകർക്ക് ശരിയായ വില ലഭിക്കാത്തതിനുള്ള കാരണം.
ഒരു ഹെക്ടർ സ്ഥലത്തിന് 21644 രൂപ സബ്സിഡി
നാഷണൽ മെഡിക്കൽ പ്ലാൻസ് ബോർഡിന്റെ ഔഷധസസ്യ ഗണത്തിൽ ഉൾപ്പെടുത്തിയാണ് സബ്‌സിഡി നൽകുക. ഒരു ഹെക്ടർ കോലിഞ്ചി കൃഷിക്ക് 21644 രൂപ വീതം സബ്‌സിഡിയായി ലഭിക്കും.
ഇടനിലക്കാരും വന്യമൃഗങ്ങളും ഭീഷണി
കമ്പോള വിലവിവരപട്ടികയിൽ പ്രസിദ്ധീകരിക്കാത്തതിനാൽ ഇടനിലക്കാർ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കോലിഞ്ചി കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഫെബ്രുവരി , മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കോലിഞ്ചി വിളവെടുപ്പ്. ഈ സമയങ്ങളിൽ കോലിഞ്ചിക്കു ഇടനിലക്കാർ ന്യായവില നൽകാറില്ല. വന്യമൃഗ ശല്യങ്ങൾക്കു പുറമെ ഫംഗസ് ബാധയും കൃഷി നാശത്തിനു കാരണമാകുന്നു.
ഔഷധസസ്യകൃഷിയിൽ
ഒരു വർഷം ഔഷധിക്ക് മാത്രം 36 മെട്രിക് ടൺ കോലിഞ്ചി ആവശ്യമുണ്ട്.
കോലിഞ്ചി കൃഷി ചെയ്തു മൂന്നാം വർഷമാണ് വിളവെടുക്കുന്നത്.
കൃഷി വകുപ്പിനു കീഴിലെ ഔഷധസസ്യകൃഷിയിൽ കോലിഞ്ചിയെയും ഉൾപ്പെടുത്തും.കോലിഞ്ചിയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് നേരിട്ട് വിപണിയിലെത്തിക്കും.ഇതുവഴി കർഷകർക്ക് നല്ല വില ലഭിക്കാൻ സാഹചര്യമൊരുങ്ങും. സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് ഔഷധ കൃഷിക്കായി നല്കുന്ന സബ്‌സിഡി കോലിഞ്ചി കൃഷിക്കു കൂടി ലഭ്യമാക്കും.
കോലിഞ്ചിക്ക് ന്യായവിലയും സബ്സിഡിയും ലഭ്യമാക്കിയത് മലയോര മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാണ്.
കോലിഞ്ചി കൃഷിക്ക് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ രജിസ്‌ട്രേഷനും ഓർഗാനിക്ക് സർട്ടിഫിക്കേഷനും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ