കോഴഞ്ചേരി : പുഞ്ചയുടെ നടുവിൽ ഗതാഗതത്തോടൊപ്പം കാൽനട സവാരിക്കും വിശ്രമത്തിനുമായി ജില്ലാ പഞ്ചായത്ത് 48 ലക്ഷം രൂപ ചെലവിട്ട് ഒരുക്കുന്ന വയലോരം നാലുമണിക്കാറ്റ് പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാത്ത സ്തുതിക്കാട്ട് പടി - കൊല്ലീരേത്ത് പടി റോഡിലെ പാടശേഖരത്തിന് നടുവിലാണ് വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. പാടത്തിന്റെ വശങ്ങൾ കരിങ്കൽ ഭിത്തികെട്ടി മണ്ണിട്ടുയർത്തി റോഡിന് വീതി കൂട്ടി. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ചു.
അരകിലോമീറ്ററിലധികം വരുന്ന റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്ത് സംരക്ഷണവേലി നിർമ്മിച്ചാണ് 20 ലക്ഷം രൂപയുടെ രണ്ടാംഘട്ട പദ്ധതി പൂർത്തിയാക്കിയത്. റോഡിൽ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനും പെയിന്റിംഗിനും ഇരിപ്പിടങ്ങൾ നിർമ്മിക്കുന്നതിനുമായി 13 ലക്ഷം രൂപ കൂടി അനുവദിച്ചു.
തെരുവ് വിളക്കുകൾ കൂടി എത്തുന്നതോടെ സന്ധ്യകഴിഞ്ഞും ഇതുവഴി നടക്കുവാനാകും. പുലർകാല മഞ്ഞും, കുളിർക്കാറ്റും കിളികളുടെ കലപില ശബ്ദവും വയലിന്റെ നിറവുമൊക്കെ സഞ്ചാരം ആസ്വാദ്യകരമാകും. സമീപത്ത് കെട്ടിടങ്ങളൊന്നും ഇല്ലാത്തതിനാൽ നട്ടുച്ചനേരത്ത് പോലും കാറ്റ് വീശിയടിക്കുന്നു എന്ന പ്രത്യേകതയും ഈ സഞ്ചാരപഥത്തിനുണ്ട്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാർഡിലൂടെയാണ് റോഡ് പ്രധാനമായും കടന്ന് പോകുന്നത്. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയേയും, മണ്ണാറക്കുളഞ്ഞി റോഡിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് ടൗണിൽ എത്താതെ ചെറുകോൽ, നാരങ്ങാനം, അയിരൂർ പ്രദേശങ്ങളലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്. സമീപ പ്രദേശങ്ങളായ നാരങ്ങാനം, ആറന്മുള, ചെറുകോൽ , മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന കാൽനട സവാരി സന്തോഷപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. നടപ്പിനിടയിൽ ക്ഷീണം തീർക്കുന്നതിന് അത്യാവശ്യ ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. വശങ്ങളിലെ കൈവരികൾ പ്രായമായവർക്ക് അനുഗ്രഹപ്രദമാണ്.
ജോർജ്ജ് മാമ്മൻ കൊണ്ടൂർ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ചെലവിട്ടത്
സംരക്ഷണ ഭിത്തി നിർമ്മാണം : 15 ലക്ഷം
റോഡ് കോൺക്രീറ്റും വേലിയും : 20 ലക്ഷം
വൈദ്യുതിക്കും ഇരിപ്പിടത്തിനും : 13 ലക്ഷം
കോഴഞ്ചേരി പഞ്ചായത്തിലെ 13-ാം വാർഡിൽ
48 ലക്ഷത്തിന്റെ പദ്ധതി