പന്തളം : ഓണവിപണിയിൽ മണവും മധുരവും പകർന്ന് കരിമ്പുവിത്തുല്പാദന കേന്ദ്രത്തിന്റെ പന്തളം ശർക്കര ജനപ്രിയമാകുകയാണ്. ഒരു കിലോഗ്രാമിന്റെ ഒരു പായ്ക്കറ്റിനു 100 രൂപ നിരക്കിൽ ഒരാൾക്ക് 2 പായ്ക്കറ്റ് വീതം കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയാണ് പന്തളം ശർക്കരയുടെ ഉല്പാദന രീതി. ശർക്കരയ്ക്ക് ആവശ്യമായ കരിമ്പ് ഇവിടെത്തന്നെ 11 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നു. മാധുരി, കോയമ്പത്തൂരിൽ നിന്നുള്ള 086032 എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ശർക്കരയുണ്ടാക്കുന്നതിനായുള്ള കരിമ്പിൻ നീർ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത് നാട്ടിൽ ലഭ്യമായ കാട്ടുവെണ്ടയുടെ നീരാണ്. ഉണ്ട ശർക്കരയുണ്ടാക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. പതിയൻ, ഉണ്ട, ചുക്കും കുരുമുളകും ചേർത്തുണ്ടാക്കുന്ന ചുക്കുണ്ട, വെല്ലം എന്നിങ്ങനെ 4 തരം ശർക്കരകളാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. വെള്ളപ്പൊക്കം കാരണം പകുതിയിലേറെ കരിമ്പ് നശിച്ചതിനാൽ പതിയൻ ശർക്കര മാത്രമാണ് ഈ വർഷം തയ്യാറാക്കിയത്
വെള്ളപ്പൊക്കം വിനയായി
വെള്ളപ്പൊക്കത്തിൽ 11 ഏക്കർ കൃഷിയിൽ 7 ഏക്കറോളം നശിച്ചു. ഒരാഴ്ചയാണ് കരിമ്പിൻ തോട്ടം വെള്ളത്തിൽ മുങ്ങിയത്. അഴുകിപ്പോകാതെ കിട്ടിയ കരിമ്പിൽ ജലാംശം കൂടിയത് വിനയായി. ഒരു ടൺ കരിമ്പിൽ നിന്നും 4,00,500 ലിറ്റർ നീരാണു സാധാരണയായി കിട്ടിയിരുന്നത്. രണ്ടരമൂന്നു മണിക്കൂർ കൊണ്ട് ഇതു കാച്ചി ശർക്കരയാക്കുമ്പോൾ 80 കിലോ ശർക്കര ലഭിച്ചിരുന്നു. വെള്ളപ്പൊക്കം കാരണം നീരു കൂടുതലാണ് ലഭിക്കുന്നതെങ്കിലും 4050 കിലോ ശർക്കര മാത്രമാണു ലഭിക്കുന്നത്. പാകമായി ശർക്കരയാകാൻ ഇരട്ടി സമയമെടുക്കുന്നതിനാൽ ഉല്പാദനച്ചെലവ് ഇരട്ടിയായത് സാമ്പത്തിക നഷ്ടവും വരുത്തും.
പന്തളം ശർക്കരയുടെ തുടക്കം
മദ്ധ്യതിരുവിതാംകൂറിലെ രണ്ടു പഞ്ചസാരമില്ലുകളായിരുന്നു എൻ.എസ്.എസ് സ്ഥാപകൻ മന്നത്തു പത്മനാഭൻ തുടങ്ങി വച്ച പന്തളം മന്നം ഷുഗർ മിത്സും തിരുവല്ല പുളിക്കീഴിലെ സർക്കാർ പഞ്ചസാരമില്ലും. ഇവിടേയ്ക്കു കരിമ്പെത്തിച്ചിരുന്ന കർഷകർക്കു മേൽത്തേരം കരിമ്പിൻ തലക്കം ലഭ്യമാക്കുന്നതിനായി 1963ലാണ് പന്തളത്തു കരിമ്പുവിത്തുല്പാദന കേന്ദ്രം തുടങ്ങിയത്. ഈ രണ്ടു മില്ലുകളും പ്രവർത്തനം നിറുത്തിയതോടെ ഇവിടെ നിന്നുള്ള പഞ്ചസാരയുടെയും ശർക്കരയുടെയും ഉല്പാദനം നിലച്ചു. 2006 ൽ കൃഷി ഓഫീസറായിരുന്ന സജീവാണ് വിത്തുല്പാപാദന കേന്ദ്രത്തിന്റെ 25 ഏക്കർ സ്ഥലത്തു കരിമ്പുകൃഷി ചെയ്തു പന്തളം ശർക്കര എന്ന പേരിൽ ഉല്പന്നം വിപണിയിലെത്തിക്കാൻ തീരുമാനിച്ചത്. മാധുരി, തിരുമധുരം എന്നീ ഇനങ്ങളിലുള്ള കരിമ്പു കൃഷി ചെയ്ത് 2007ൽ ശർക്കര വിപണിയിലെത്തിച്ചു.
ജില്ലയിലെ 77 ഓണവിപണികളിൽ പന്തളം ശർക്കര സുലഭമായിരുന്നു. ഒപ്പം കേരള സംസ്ഥാന ഹോർട്ടികോർപ്പിന്റെ വിപണികളിലും ലഭ്യമായിരുന്നു. ഈ വർഷം ആവശ്യാനുസരണം വിപണികളിൽ എത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
വിമൽ കുമാർ. എം.എസ്,
കൃഷി ഓഫീസർ