അടൂർ : കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷം അടൂർ നഗരത്തിൽ അന്നംമുട്ടിയവർ നിരവധിയാണ്. വിശക്കുന്ന കണ്ണുകളോടെ വഴിയരികിൽ നിസഹായരായി നിൽക്കുന്നവർക്ക് ഭക്ഷണം നൽകുന്ന വലിയ മനസിന്റെ ഉടമയാണ് കണ്ണങ്കോട് വാർഡ് കൗൺസിലർ അയൂബ് കുഴിവിള. നട്ടുച്ചയ്ക്ക് നഗരത്തിലെ പൊരിവയറുകൾ തേടുന്നത് അയൂബിനെയാണ്. പൊതിച്ചോറുമായി അയൂബ് എത്തുമ്പോൾ നിറഞ്ഞ മനസോടെ കൈകൾ നീട്ടിയെത്തുന്നവർ നിരവധി. വിശപ്പാറിയവരുടെ സംതൃപ്തിയാണ് അയൂബിന്റെ സന്തോഷം.
ലോക് ഡൗണിൽ പല സംഘടനങ്ങളും പൊതിച്ചോറുകളുമായി രംഗത്ത് എത്തിയെങ്കിലും അതൊക്കെ ഏതാനും ദിവസങ്ങളായി ചുരുങ്ങി. എന്നാൽ, അഞ്ച് മാസമായി ഒരു ദിവസംപോലും മുടങ്ങാതെ പ്രതിദിനം 50 ഒാളം പേർക്കാണ് സ്വന്തം വീട്ടിൽ അയൂബ് പാഥേയം ഒരുക്കുന്നത്. പൊതികളുമായി സ്വന്തം കാറിൽ അടൂർ നഗരത്തിലെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആരംഭിക്കുന്ന ഭക്ഷണ വിതരണം അവസാനിക്കുമ്പോൾ രണ്ട് മണിയാകും. സഹായത്തിന് ഭാര്യ മിനിയും ഉണ്ടാകും.
വിശക്കുന്നവരുടെ വയർ നിറഞ്ഞ ശേഷമാണ് അയൂബും കുടുംബവും ഭക്ഷണം കഴിക്കുന്നത്. അംഗവൈകല്യമുള്ളവരും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും ചില്ലറപണികൾ ചെയ്തും ഉപജീവനത്തിന് വഴികണ്ടെത്തിയിരും ഉൾപ്പെടെ നിരവധിപ്പേരാണ് കൊവിഡ് കാലത്തെ കെടുതിയിൽപ്പെട്ടുപോയത്. പണിചെയ്യാൻ യാതൊരു മാർഗവുമില്ലാതെ വലയുന്ന ഇക്കൂട്ടരുടെ ദുരിതം കണ്ടാണ് ഭക്ഷണ വിതരണം തുടരുന്നതെന്ന് അയൂബ് പറയുന്നു.
മരുന്ന് ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകുന്നുമുണ്ട്. ലോക് ഡൗണിന്റെ തുടക്കത്തിൽ അന്യ സംസ്ഥാന തൊഴിലാളികളടക്കം 120 ഒാളം പേർക്കായിരുന്നു പൊതിച്ചോറ് നൽകിവന്നത്. ലോക്ഡൗൺ പിൻവലിച്ച ശേഷം നിറുത്തിവച്ചിരുന്നു. തൊട്ടടുത്ത ദിവസം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺകാൾ പോയത് അയൂബ് കുഴിവിളയിലേക്കാണ്. പലരും ഭക്ഷണത്തിനായി കാത്തുനിൽക്കുന്നു എന്ന സന്ദേശമായിരുന്നു അത്. അന്ന് ഹോട്ടലുകളിൽ നിന്നും ഭക്ഷണ പായ്ക്കറ്റ് വാങ്ങി വിതരണം ചെയ്തു. നിരവധിപ്പേരുടെ സങ്കടകണ്ണീർ അദ്ദേഹത്തിന് താങ്ങാനായില്ല. നാളിതുവരെ ഒരു ദിനം പോലും അന്നദാനം മുടക്കിയിട്ടില്ല. ഏതെങ്കിലും കാരണവശാൽ ഒരു ദിവസം സമയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടൂർ സെൻട്രൽ ജംഗ്ഷനിലെ അച്ചൂസ് ഒാട്ടോറിഷ ഡ്രൈവറായ ഷാജു പ്രതിഫലമില്ലാതെ വിതരണത്തിനായി ഒാടിയെത്തും. കൊവിഡ് കാലത്ത് സ്വന്തം വാർഡിലെയും തൊട്ടടുത്ത വാർഡുകളിലേയും വീടുകളിൽ പലവ്യഞ്ജനകിറ്റ് എത്തിച്ചും വേറിട്ട മാതൃകയായി ഇൗ കൗൺസിലർ.
മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ലഭ്യമാക്കുന്നതിനും നിരവധി കുടുംബംങ്ങൾക്ക് ആശ്വാസമാകാനും അയൂബ് കുഴിവിളയുടെ പ്രവർത്തനം വഴി സാദ്ധ്യമായി. നഗരസഭയിൽ ഇതാദ്യമായാണ് ഒരു കൗൺസിലർ സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയനാകുന്നത്.