തിരുവല്ല: അപ്പർകുട്ടനാട്ടിലെ തോടുകളിലെയും കിണറുകളിലെയും വെള്ളത്തിന്റെ നിറം ചുവന്നു.
വെള്ളപ്പൊക്കത്തെ തുടർന്നാണ് പ്രദേശത്തെ ജലത്തിന്റെ നിറം ചായവെള്ളം പോലെയായത്. രണ്ടാഴ്ച മുമ്പ് കവിഞ്ഞൊഴുകിയ തോടുകളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ട സ്ഥിതിയിലായി. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ പോകുന്ന തോടുകളുടെ സ്ഥിതി വളരെ ദയനീയമാണ്. ഒന്നിനും കൊള്ളാത്ത വിധം ചുവന്നു കിടക്കുകയാണ്. ചിലയിടങ്ങളിൽ മീനുകളും ചത്തുപൊങ്ങി.
വെള്ളത്തിൽ ഇറങ്ങിയവർക്ക് ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു. കിണറുകളിലെ വെള്ളവും കലങ്ങി നിറം മാറിയതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. നിറംമാറിയ കിണറുകളിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പല തവണ വറ്റിച്ചെങ്കിലും വെള്ളത്തിന്റെ നിറത്തിനും ചെളി മണത്തിനും മാറ്റമില്ല. മുൻവർഷങ്ങളിലും സമാന സാഹചര്യം ഉണ്ടായതാണ്. പിന്നീട് മഴ ശക്തമായപ്പോഴാണ് നിറംമാറി വെള്ളം തെളിഞ്ഞത്.
കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയും
കിണറുകൾ മലിനമായതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത്. ഇതിനിടെ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് രണ്ടുദിവസം നിറുത്തിയതോടെ അതിരൂക്ഷമായ ദുരിതമാണ് ജനങ്ങൾ അനുഭവിച്ചത്.
ഓണക്കാലമായതോടെ കുടിവെള്ളം കിട്ടാക്കനിയാകും. ശുദ്ധ ജലവിതരണം തടസമില്ലാതെ പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ്.
(പ്രദേശവാസികൾ)
പലതവണ വറ്റിച്ചു നോക്കിയെങ്കിലും നിറത്തിനും മണത്തിനും മാറ്റമില്ല
മീനുകൾ ചത്തുപൊങ്ങുന്നു
വെള്ളത്തിൽ ഇറങ്ങുന്നവർക്ക് ത്വക്ക് രോഗങ്ങളും
കുടിവെള്ള ക്ഷാമം രൂക്ഷം