കോന്നി: വകയാർ പോപ്പുലർ ഫൈനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ആകെ പരാതികൾ അഞ്ഞൂറോളമായി. കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി ഇന്നലെ മാത്രം മുന്നൂറോളം പരാതികളാണെത്തിയത്. കോന്നിയിൽ 211ഉും പത്തനംതിട്ടയിൽ 88ഉം പരാതികളാണ് ഇന്നലെ ലഭിച്ചത്. കേസിലെ പ്രതികളായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ ഡാനിയേൽ എന്നിവർ ഒളിവിലാണ്. ഇവർ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

ഇതിനിടെ, പോപ്പുലർ ഫൈനാൻസിലെ ഇപ്പോഴത്തെ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും ആറ് മുതൽ ഒൻപത് മാസം വരെ സമയം തന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡിനെ തുടർന്നാണ് സ്ഥാപനത്തിൽ പ്രതിസന്ധിയുണ്ടായത്. സ്വർണം നിക്ഷേപകരുടെ ആവശ്യത്തിനും ശമ്പളത്തിനും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചത്. തന്റെ ബന്ധുക്കൾക്ക് ഇതുമായി ബന്ധമില്ല. ധനാപഹരണം നടത്തിയിട്ടില്ല. കുറച്ച് നിക്ഷേപകരോ മറ്റ് ബന്ധപ്പെട്ടവരോ ബുദ്ധിമുട്ടിച്ചാൽ എല്ലാം തകരും. ചിലർ ഒരുമിച്ച് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചു. കുറെയാളുകൾ ഒാഫീസിലെത്തി ബഹളമുണ്ടാക്കി. സ്ഥാപനം അടച്ചുപൂട്ടാനും ചിലർ ശ്രമിച്ചു. തങ്ങൾ ഒളിവിൽ പോയിട്ടില്ല. നിക്ഷേപകരുടെ കൂട്ടമായ വരവും മാദ്ധ്യമങ്ങളുടെ സമ്മർദ്ദവും പൊലീസ് ഭീതിയും കാരണം തനിക്കും ഭാര്യയ്ക്കും താൽക്കാലികമായി മാറി നിൽക്കേണ്ടി വന്നിരിക്കുകയാണെന്ന് തോമസ് ഡാനിയേൽ പറയുന്നു.