zone

പന്തളം: കൊവിഡ് വ്യാപനം ഏറിയതോടെ പന്തളം നഗരസഭയിലെ 33 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായി. നഗരസഭയിലെ കടയ്ക്കാട് മത്സ്യ മാർക്കറ്റിൽ കച്ചവടക്കാർക്കും ജീവനക്കാർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ നൂറിലേറെ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയിലെ പല ഡിവിഷനുകളും കണ്ടെയ്ൻമെറ്റ് സോണാക്കിയെങ്കിലും ആളുകൾ വേണ്ടത്രജാഗ്രത പാലിച്ചില്ല. ഇതാണ് രോഗവ്യാപനത്തിന് കാരണമായത്. ഓണക്കാല വ്യാപാരം പ്രതീക്ഷിച്ച് സാധനങ്ങൾ വാങ്ങിവച്ച വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലാകും.
ഇന്നുമുതൽ 7 ദിവസത്തേക്ക് പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ചെറുറോഡുകൾ അടയ്ക്കും, പൊലിസ് പരിശോധന കർശനമാക്കും. ജനങ്ങൾ അത്യാവശ്യ കാര്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്. ആശുപത്രിയുമായി ബന്ധപ്പെട്ടോ അവശ്യ സാധനങ്ങളുടെ വിതരണത്തിനോ അല്ലാതെ കണ്ടെയ്ൻമെന്റ് സോണിനുള്ളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര നിയ ന്ത്രിക്കപ്പെടും. എ.ടി.എമ്മുകൾ പ്രവർത്തിക്കും. ബാങ്കുകൾ 10 മുതൽ 2 മണി വരെ പ്രവർത്തിക്കും. മരുന്നുകളുടെയും ഭക്ഷണ സാധനങ്ങളുടെയും വിതരണത്തിനും തടസമുണ്ടാകില്ല. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, പാൽ, ഇറച്ചി, മീൻ, പച്ചക്കറി, കാലിത്തീറ്റ പലചരക്കു സാധനങ്ങൾ, വിൽക്കുന്ന കടകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം രാവിലെ 7 മുതൽ രാത്രി 8 വരെ നടത്താം. റേഷൻ കടകൾ രാവിലെ10 മുതൽ ഉച്ചക്ക് 1 മണി വരെ പ്രവർത്തിക്കും. ആശുപത്രികൾ ക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോം, മരുന്നുകടകൾ എന്നിവ പ്രവർത്തിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പന്തളം സി.ഐ.എസ്.ശ്രീകുമാർ പന്തളം നഗരസഭാ സെക്രട്ടറി ബിനു.ജി എന്നിവർ അറിയിച്ചു.