cappa

തണ്ണിത്തോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യംമൂലം അന്യമാകുകയാണെങ്കിലും മരച്ചീനി കൃഷിക്ക് പിന്നിൽ സ്‌നേഹബന്ധങ്ങളുടെ ഒരുപിടി നല്ല ഒാർമ്മയുണ്ട്. വാട്ടുകപ്പയും വെള്ളുകപ്പയും തയ്യാറാക്കാൻ കുടിയേറ്റ കർഷകർ ഒരുമിച്ചിരുന്നത് ഇന്നും പലരുടെയും മനസിൽ മായാതെ നിൽക്കുന്നു. മലയോരത്തെ എല്ലാ കർഷക കുടുംബങ്ങളിലും 1980കളുടെ അവസാനം വരെ മരച്ചീനി കൃഷി വ്യാപകമായിരുന്നു. അക്കാലത്ത് അഞ്ചും ആറും ഏക്കറിൽ പലരും മരച്ചീനി കൃഷി ചെയ്തിരുന്നു. ഇന്നത്തെപ്പോലെ കപ്പ ചില്ലറയായി വിൽക്കുന്ന രീതി അന്നുണ്ടായിരുന്നില്ല, ആവശ്യക്കാരില്ലാത്തതായിരുന്നു കാരണം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കർഷക കുടുംബാംഗങ്ങളും ജോലിക്കാരും അയൽക്കാരും ചേർന്ന് ആഘോഷമായി കപ്പവാട്ട് നടത്തിയിരുന്നു. വിളഞ്ഞ് പാകമാകുമ്പോൾ ദിവസേനയുള്ള ആവശ്യത്തിന് കുറച്ച്നിറുത്തി ബാക്കി പിഴുതെടുത്ത് വാട്ടുകപ്പയും, വെള്ളുകപ്പയുമാക്കുകയായിരുന്നു പതിവ്. അരിഞ്ഞ് ഉണങ്ങി വാട്ടാതെ സൂക്ഷിക്കുന്നതാണ് വെള്ളുകപ്പ. അക്കാലത്ത് വെള്ളുകപ്പയെക്കാൾ കൂടുതൽ പ്രിയം വാട്ടുന്നതിനായിരുന്നു. ഒരു വീട്ടിലെ കപ്പവാട്ട് കഴിഞ്ഞാൽ മറ്റൊരു വീട്ടിലേക്ക് കപ്പവാട്ടാനായി നാട്ടുകാർ ഒത്തുചേരുന്ന പതിവുണ്ടായിരുന്നു.

പിഴുതെടുത്ത്, തിളപ്പിച്ച് , വെയിലിൽ ഉണക്കി

രാവിലെ വെയിൽ ഉറയ്ക്കുന്നതിന് മുൻപ് കപ്പ പിഴുതെടുക്കാൻ തുടങ്ങും. പിഴുതെടുത്ത കപ്പ കൂമ്പാരമായി കൂട്ടിയിടും, അപ്പോഴേക്കും ചിരണ്ടലും അരിയലും തുടങ്ങും, പുരുഷന്മാർ കപ്പവാട്ടാനായി വലിയ ചെമ്പെടുത്ത് അടുപ്പിനായി കുഴി തയ്യാറാക്കും. വാട്ടിയ കപ്പ വള്ളികൊട്ടകളിൽ കോരിയെടുത്ത് തിളച്ച വെള്ളം ശരീരത്തിൽ വീഴാതെയെടുത്ത് പറമ്പിലും പാറകളിലും ഉണങ്ങാനിടും. രാത്രിയോടെ കപ്പവാട്ടും ഉണക്കാനിടീലും കഴിയും. വാട്ടി ഉണങ്ങാനിട്ട കപ്പ വേനൽമഴ പെയ്താൽ മണ്ണും കല്ലും പറ്റി നാശമാകും. വാട്ടുകപ്പ ചാക്കിലോ പത്തായത്തിലൊ ആണ് സൂക്ഷിച്ചിരുന്നത്.