തിരുവല്ല: ഇതുപോലൊരു അവധി മുൻപെങ്ങും കിട്ടിയിട്ടില്ലെന്ന ട്രഷറി ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ പരിഹാസം. കാര്യമിതാണ്, അയ്യൻകാളി ദിനമായ ഇന്നലെ സർക്കാർ ജീവനക്കാരിലെ പട്ടികജാതി, വർഗ വിഭാഗക്കാർക്ക് അവധിയായിരുന്നു. തിരുവല്ല ട്രഷറി ഒാഫീസിലെ പട്ടിക ജാതി, വിഭാഗം ജീവനക്കാർക്ക് അവധി അറിയിപ്പ് ലഭിച്ചത് ഇന്നലെ വൈകിട്ടോടെ. അപ്പോഴേക്കും ഇൗ വിഭാഗം ജീവനക്കാർ ജോലി പൂർത്തിയാക്കിയിരുന്നു. അവധി അറിയിപ്പ് വൈകി ലഭിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ട്രഷറി ഒാഫീസർ പറഞ്ഞു.
എന്നാൽ, സർക്കാർ അറിയിപ്പുകൾ പലതും തിരുവല്ല ട്രഷറി ഒാഫീസിൽ വൈകിയാണ് ലഭിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
ഭാഗ്യക്കുറി ഒാഫീസുകളുമായി ബന്ധപ്പെട്ട അറിയിപ്പും വൈകിയാണ് ലഭിച്ചത്. പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 28, സെപ്തം. 1,2,10 ദിവസങ്ങളിൽ ഭാഗ്യക്കുറി ഒാഫീസുകൾ തുറന്നു പ്രവർത്തിക്കണമെന്നും ഉത്തരവുണ്ട്. ആഗസ്റ്റ് 28ന് പട്ടികജാതി, വർഗ വിഭാഗക്കാർക്ക് അവധിയായതിനാൽ ഉചിതമായ എണ്ണം ജീവനക്കാരെ നിയോഗിച്ച് ട്രഷറികൾ പ്രവർത്തിക്കണമെന്ന അടിയന്തര സന്ദേശം എത്തിയതും ഇന്നലെ വൈകിട്ടോടെയാണ്.