ചെങ്ങന്നൂർ: ഓണസമ്മാനമായി നഗരസഭാ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 38 പേർക്ക് ചികിത്സാ സഹായം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ആദ്യമായാണ് നഗരസഭയിൽ മുനിസിപ്പൽ നിയമപ്രകാരം ചെയർമാന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കുകയും ചികിത്സാ സഹായം വിതരണം ചെയ്യുകയും ചെയ്തത. വൃക്ക,കരൾ,ഹൃദയം സംബന്ധമായ രോഗങ്ങൾ,കാൻസർ പോലെയുള്ള മാരക രോഗങ്ങൾ, അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർ എന്നിവർക്കായാണ് ആദ്യഘട്ടത്തിൽ ഒന്നരലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്യുന്നത്. ബാക്കിയുള്ള അപേക്ഷകർക്ക് ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന സംഭാവനകളുടെ അടിസ്ഥാനത്തിൽ സഹായധനം വിതരണം ചെയ്യും. അടുത്ത ദിവസങ്ങളിൽ വാർഡ് കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വീടുകളിലെത്തി 38 പേർക്കുള്ള ചികിത്സാ സഹായം കൈമാറും. നഗരസഭാ ചെയർമാനായി കെ.ഷിബുരാജൻ അധികാരമേറ്റ് ഒരു വർഷം പൂർത്തിയാകുന്ന ഇന്ന് നഗരസഭ 27ാം വാർഡിൽ മുണ്ടൻകാവ് ഉഴത്തിൽ ഹൗസിൽ കാൻസർ രോഗം ബാധിച്ച റെയ്ച്ചൽ ബേബിക്ക് ചെയർമാൻ ആദ്യ ചികിത്സാ സഹായം നൽകി വിതരണോദ്ഘാടനം നിർവഹിക്കും. കൂടുതൽ പേർക്ക് സഹായം നൽകുന്നതിനായി സന്മനസുള്ളവർ നഗരസഭാ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. സംഭാവന നൽകേണ്ട മേൽവിലാസം സെക്രട്ടറി, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, അലഹബാദ് ബാങ്ക്, ചെങ്ങന്നൂർ ശാഖ. അക്കൗണ്ട് നമ്പർ :50144047476 ഐഎഫ്.എസ് ..സി കോഡ് -0212732. ഫോൺ: 9446081817.