loan-

പത്തനംതിട്ട : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പേരിൽ ജില്ലയിൽ ലോൺ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ അറിയിച്ചു.

ബോർഡിന്റെ ഫ്രഞ്ചെസി എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വലയിൽ വീഴ്ത്തുന്നത്. 25 ലക്ഷം രൂപ ലോൺ ലഘു വ്യവസ്ഥകളിൽ ഖാദി ബോർഡിൽ നിന്ന് ലഭിക്കുമെന്നുള്ള വ്യാജപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ചെലവിലേക്കായി 10,000 രൂപ മുതൽ 20,000 രൂപ വരെ അപേക്ഷകരിൽ നിന്ന് ഈ സംഘം ഈടാക്കുന്നു എന്നാണ് വിവരം.
ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന രണ്ട് ലോൺ പദ്ധതികൾ പി.എം.ഇ.ജി.പി, എന്റെ ഗ്രാമം എന്നിവയാണ്. ഇവയിൽ പി.എം.ഇ.ജി.പിക്കുള്ള അപേക്ഷകൾ ഓൺലൈനായും എന്റെ ഗ്രാമം പദ്ധതിയുടെ അപേക്ഷകൾ നേരിട്ട് ജില്ലാ ഓഫീസിലും സ്വീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റികളിൽ കൂടി ബാങ്കിലേക്ക് അയയ്ക്കുന്ന പ്രക്രിയയാണ് നടന്നു വരുന്നത്. ലോൺ പാസാക്കി നൽകുന്നത് ബാങ്കുകളാണ്. ഈ കാര്യങ്ങളെല്ലാം അപേക്ഷകർക്ക് നേരിട്ട് ചെയ്യാവുന്നതാണ്. ഇതിനായി ജില്ലയിലൊരിടത്തും ഫ്രാഞ്ചെസികളെയോ ഏജൻസികളെയോ ബോർഡ് നിയോഗിച്ചിട്ടില്ല. തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതെ യഥാർത്ഥ ലോൺ അപേക്ഷകർ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നേരിട്ടോ ടെലഫോൺ മുഖേനയോ ബന്ധപ്പെടണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ അഭ്യർത്ഥിച്ചു. ഫോൺ : 0468 2362070.