അടൂർ: ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ 25 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. കറവപ്പശു യൂണിറ്റുകൾ, കിടാരികൾ ഉൾപ്പെടുന്ന യൂണിറ്റുകൾ ,കാലിത്തൊഴുത്ത് ,കറവയന്ത്രം ,അവശ്യാധിഷ്ഠിത ധനസഹായം, മിനറൽ മിക്സ്ചർ തുടങ്ങിയ വിവിധ ഇനങ്ങളിലായി 50 ലക്ഷം രൂപയുടെ ധനസഹായമാണ് ക്ഷീരഗ്രാമം വഴി പള്ളിക്കൽ പഞ്ചായത്തിൽ ലഭിക്കുക. പദ്ധതി മുഖേന 115 പശുക്കൾകൂടി എത്തുന്നതോടെ പഞ്ചായത്തിലെ പാൽ സംഭരണം ജില്ലയിൽ ഒന്നാമത് എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ പാൽ സംഭരണത്തിൽ രണ്ടാം സ്ഥാനത്താണ് ഈ പഞ്ചായത്ത്. ക്ഷീരഗ്രാമം പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അദ്ധ്യക്ഷയായിരുന്നു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം മുണ്ടപ്പള്ളി തോമസ്,മേലൂട് ക്ഷീര സംഘം പ്രസിഡൻ്റ് എ. പി ജയൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായ ഉണ്ണിക്കൃഷണൻ, ആശാ ഷാജി, പഞ്ചായത്ത് പ്രതിനിധികളായ എ.പി സന്തോഷ് , വി.സുലേഖ, കുഞ്ഞുമോൾ കൊച്ചുപാപ്പി , അഖിൽ പെരിങ്ങനാടൻ ,ക്ഷീര വികസന ഓഫീസർ റോയി അലക്സാണ്ടർ ,മാത്യു വർഗീസ് ,കെ.പ്രദീപ് കുമാർ ,ഡയറി ഫാം ഇൻസ്ട്രക്ടർ സജി.പി .വിജയൻ എന്നിവർ സംസാരിച്ചു. റ്റയം ഗോപകുമാർ എം.എൽ.എ ചെയർമാനായും എ.പി.ജയൻ ജനറൽ കൺവീനാറായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.