കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ നാളിലെ നിവേദ്യത്തിനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് പമ്പാനദിയിലൂടെ യാത്ര തിരിക്കും . വിഭവങ്ങൾ ശേഖരിക്കാൻ ഇന്നലെ തോണി കാട്ടൂരിലേക്ക് പോയി. കോട്ടയം കുമാരനല്ലൂരിൽ നിന്നുമെത്തിയ രവീന്ദ്രബാബു ഭട്ടതിരിയുടെ നേതൃത്വത്തിൽ കാട്ടുരിലെ 18 കുടുംബങ്ങളിൽ നിന്നുള്ള പത്ത് പ്രതിനിധികൾ തോണിയിലുണ്ടാകും. തിരുവോണ നാളിൽ പുലർച്ചെ ആറൻമുള ക്ഷേത്രത്തിലെത്തും .കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചടങ്ങ് നടത്തുക.
ഇന്ന് രാവിലെ തോണി മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും .തുടർന്ന് കാട്ടൂർ ക്ഷേത്രക്കടവിൽ എത്തിക്കും .ക്ഷേത്രക്കടവിൽ എത്തുന്ന ഭട്ടതിരിയെ സ്വീകരിക്കും.
ആറൻമുള ക്ഷേത്രത്തിൽ നിന്ന് ചോതിനാളിൽ എത്തിച്ച നെല്ലുകുത്തിയ അരി ഉൾപ്പെടെയുള്ള സാധനങ്ങളാണ് തോണിയിൽ കൊണ്ടുപോവുക. കാട്ടുർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്നുനൽകുന്ന ദീപം ഭട്ടതിരി തോണിയിൽ എടുത്തുവയ്ക്കും.
യാത്ര ഇങ്ങനെ
ഭട്ടതിരിയും 18 കുടുംബങ്ങളിലെ പ്രതിനിധികളുമായി തിരുവോണത്തോണി വൈകിട്ട് ആറരയോടെ കാട്ടൂരിൽ നിന്ന് ആറൻമുളയിലേക്ക് നീങ്ങും .ളാക ഇടയാറൻമുള പള്ളിയോടം തിരുവോണത്തോണിക്ക് അകമ്പടിയാകും.
അയിരൂർ ,മേലുകര, കോഴഞ്ചേരി വഴി തിരുവോണ നാൾ പുലർച്ചെ ആറൻമുള ക്ഷേത്രക്കടവിൽ എത്തും .തോണിയിലെ ദീപം ആറന്മുള ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിലേക്ക് പകരും .തോണിയിൽ എത്തിച്ച വിഭവങ്ങൾ ഉപയോഗിച്ച് ദേവന് നിവേദ്യം സമർപ്പിക്കും .ക്ഷേത്രത്തിൽ തിരുവോണ നാളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത് അത്താഴപൂജ കഴിഞ്ഞ് ചെലവ് മിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഭട്ടതിരി
കുമാരനല്ലൂരിലേക്ക് കരമാർഗം മടങ്ങും .
കൊവിഡ് ഭീഷണിയിൽ ജാഗ്രതയോടെ
മുമ്പ് ആറന്മുള പള്ളിയോടങ്ങളെല്ലാം തോണിക്ക് അകമ്പടി സേവിച്ചിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 പേർ മാത്രം കയറുന്ന ഒരു പള്ളിയോടമേ ഇത്തവണ ഒപ്പമുണ്ടാവുക. കാട്ടൂർ ക്ഷേത്രത്തിൽ ഉച്ചക്ക് ശേഷം ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. വെറ്റ,
,പുകയില അടക്കമുള്ള ദക്ഷിണ നൽകുന്നതിനും നിരോധനമുണ്ട്. തോണി
വിശ്രമിക്കുന്ന അയിരൂർ മഠം,വെച്ചൂർ മന എന്നിവിടങ്ങളിലും ഭക്തർക്ക്
നിരോധനമുണ്ട് .
തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി കെടാവിളക്ക്
തെളിച്ചു ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും തിരുവോണ ദിവസം
രാവിലെ ഭക്തർക്ക് പ്രവേശനം നൽകുക.
തോണിയിൽ കൊണ്ടുവരുന്ന വിഭവങ്ങൾക്കും
നിയന്ത്രണമുണ്ട്. തിരുവോണ സദ്യക്ക് പകരം ആറന്മുള ക്ഷേത്രത്തിൽ നിവേദ്യംമാത്രമാണ് ഉണ്ടാകുക .