ചെങ്ങന്നൂർ: കല്ലിശേരി ഇറപ്പുഴ പുതിയ പാലത്തിലെ സോളാർ ലൈറ്റിന്റെ ബാറ്ററി പമ്പാനദിയിലേക്ക് വീഴാൻ സാദ്ധ്യതയേറി. ഇറപ്പുഴ പാലത്തിൽ വെളിച്ചം വീശാൻ സോളാർ വിളക്ക് സ്ഥാപിച്ചിട്ട് മൂന്നു വർഷം പിന്നിടുമ്പോൾ ആദ്യത്തെ ഒരു വർഷം മാത്രമാണ് യാത്രക്കാർക്ക് വെളിച്ചം നൽകിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇത് കണ്ണടച്ച് നിൽക്കുകയാണ്.പാലത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന വിളക്കിന്റെ ബാറ്ററിയാണ് ഇപ്പോൾ പമ്പാനദിയിലേക്ക് വീഴാറായി നിൽക്കുന്നത്. രണ്ടു വർഷമായി ഇറപ്പുഴ പുതിയപാലം ഇരുട്ടിലാണ്. പഴയപാലത്തിൽ എന്റെ കല്ലിശേരി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സ്ഥാപിച്ച ലൈറ്റുകളുടെ വെളിച്ചം മാത്രമാണ് പുതിയ പാലത്തിൽ ഇപ്പോൾ ലഭിക്കുന്നത്. രണ്ട് വർഷമായി പ്രവർത്തനരഹിതമായ ലൈറ്റുകൾ ശരിയാക്കാതെ അധികാരികൾ വലിയ അലംഭാവമാണ് കാട്ടുന്നത് എന്ന് പൊതുപ്രവർത്തകൻ കൂടിയായ സജി വർഗീസ് പറഞ്ഞു.