കോഴഞ്ചേരി : ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കോഴഞ്ചേരി പഞ്ചായത്തിൽ നടപ്പാക്കിയ തുണ്ടഴംതെക്കേമല ജലവിതരണ പദ്ധതി നാടിനു സമർപ്പിച്ചു. 18 ലക്ഷം രൂപയുടേതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപയുമാണ് അനുവദിച്ചത്.തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ തുണ്ടഴം മുതൽ തെക്കേമല ജംഗ്ഷൻവരെ ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിൽ മെയിൻ പൈപ്പ് ലൈൻ സ്ഥാപിച്ച് പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് യാഥാർത്ഥ്യമായത്.പഞ്ചായത്തിന്റെ 8,9,10,11 വാർഡുകളിലെ ജനങ്ങൾക്കാണ് പ്രധാനമായും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പദ്ധതി ഏറെ പ്രയോജനം ഇവർക്ക്
പാമ്പാക്കോട് ലക്ഷംവീട് കോളനി, മുരുപ്പേൽ പുതിയമണ്ണുഭാഗം, എട്ടാംവാർഡിൽ കാലായിൽപടി, പത്താംവാർഡിലെ റോട്ടറിക്ലബ്ബ് ഭാഗം, 11-ാം വാർഡിൽ വഞ്ചിത്ര എം.ടി.എൽ.പി സ്‌കൂൾ ഭാഗം, പാലാംകുഴിപടി, തോണ്ടൂതറ നികരിയിൽപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ ഏകദേശം എണ്ണൂറോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കുടിവെള്ളമെന്നത് വർഷങ്ങളായുള്ള ആവശ്യം
കുരങ്ങുമലയിൽ നിന്നുള്ള പഴയ പൈപ്പ്‌ലൈൻ കണക്ഷനാണ് ഈ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്നത്. കാലപ്പഴക്കം മൂലം പൈപ്പുകൾ ദ്രവിച്ചതും മോട്ടറിന്റെ പമ്പിംഗ് പവർ വളരെക്കുറവായതും മൂലം കാലങ്ങളായി ഈ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. വേനൽകാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നും കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണിവർ. ഇതിനു പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുവാൻ വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തത്. പദ്ധതിയുടെ സമർപ്പണം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹൻ, വാർഡംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ,ഡി.ശ്രീരാജ്, സാറാമ്മ ഷാജൻ, തോമസ് ജോൺ, ജോജി തുവോൺ മലയിൽ, അനിയൻ ചരുവിൽ പുത്തടത്, സജി വള്ളിപ്പറമ്പിൽ, ജോസ് നേഗരിയിൽ എന്നിവർ സംസാരിച്ചു.
-18 ലക്ഷത്തിന്റെ പദ്ധതി
-800 ൽ പരം കുടുംബങ്ങൾക്ക് പ്രയോജനം
-പഞ്ചായത്തിന്റെ 8,9,10,11 വാർഡുകളിലെ ജനങ്ങൾ പ്രയോജനം