കോന്നി : പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വകയാറിലെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ തട്ടിപ്പിരയായ ഇടപാടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 9 ഓടെയാണ് അഞ്ഞൂറോളം വരുന്ന ഇടപാടുകാർ സംഘടിച്ച് എത്തിയത്. ആസ്ഥാന മന്ദിരത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് നീക്കം ചെയ്തു. തുടർന്ന് സമീപത്തെ വിവിധ ഭാഗങ്ങളിൽ ഇവർ സംഘടിച്ച് പ്രതിഷേധിച്ചു. ഇവരിൽ നിന്നും പൊലീസ് പരാതികൾ എഴുതി വാങ്ങി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നിരവധി ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. പണം തിരികെ ലഭിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇടപാടുകാർ അറിയിച്ചു.