പത്തനംതിട്ട: സ്വയംതൊഴിൽ സംരംഭക യൂണിറ്റുകൾക്ക് കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് അനുവദിച്ചതിലൂടെ ബുദ്ധിമുട്ട് നേരിടുന്ന സംരംഭകർക്ക് ഓണക്കാലത്ത് കുടുംബശ്രീ ജില്ലാമിഷൻ വലിയ കൈത്താങ്ങായി മാറിയിരിക്കുകയാണെന്ന് തിരുവല്ല നഗരസഭ ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു. നഗരസഭയിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്കുള്ള കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസിലെ തെരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട അംഗങ്ങൾക്കായുള്ള വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട് ( വി.ആർ.എഫ്.) വിതരണവും നടത്തി.
ഉപജീവന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും അവയുടെ വികസനത്തിനും ജില്ലാ മിഷൻ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. റിലേഷൻഷിപ്പ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ നേതൃത്വത്തിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വയംതൊഴിൽ യൂണിറ്റുകൾക്കും പുതുതായി ആരംഭിക്കുന്ന യൂണിറ്റുകൾക്കും സംരംഭ വികസനത്തിനായി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികൾ ( സിഡിഎസ്) മുഖേന കുടുംബശ്രീ ജില്ലാമിഷൻ ലഘുപലിശ നിരക്കിൽ അനുവദിക്കുന്ന സഹായമാണ് കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്. തിരുവല്ല നഗരസഭയിലെ ഈസ്റ്റ്, വെസ്റ്റ് കുടുംബശ്രീ സിഡിഎസുകളിൽ നിന്നും 54 യൂണിറ്റുകൾക്ക് 20.65 ലക്ഷം രൂപ സിഇഎഫായി ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. പട്ടികജാതി, പട്ടിക വർഗ അയൽക്കൂട്ടങ്ങൾക്ക് ഉപജീവന പ്രവർത്തനത്തിന് വിനിയോഗിക്കുന്നതിനായി വൾണറബിലിറ്റി റിഡക്ഷൻ ഫണ്ടായി 3.85 ലക്ഷം രൂപ വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എം.പി ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ വേണാട്ടിൽ, നഗരസഭ എൻ.യു.എൽ.എം മാനേജർ എസ്. അജിത്, വെസ്റ്റ് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ജമീല, ഈസ്റ്റ് സി.ഡി.എസ് അക്കൗണ്ടന്റ് അജേഷ്, മൾട്ടി ടാസ്‌ക് പേഴ്‌സണൽ സെറിൻ സൂസൻ, എൻയുഎൽഎം കമ്മ്യൂണിറ്റി ഓർഗനൈസർ അനു. വി. ജോൺ എന്നിവർ പ്രസംഗിച്ചു.