പത്തനംതിട്ട: വകയാർ പോപ്പുലർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മാനേജിഗ് ഡയറക്ടർ തോമസ് ഡാനിയലും (റോയി ), ഭാര്യ പ്രഭയും ജില്ലാ പൊലീസ് ചീഫിന്റെ ഒാഫീസിലെത്തി കീഴടങ്ങി. ഇവരുടെ മക്കളായ റിനുവിനെയും റിയയേയും ഒാസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
നാലു പേരെയും പത്തനംതിട്ട എസ്..പി കെ ജി സൈമന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നു.ഡൽഹിയിൽനിന്നെത്തിച്ചവരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ച ശേഷം ഓൺലൈനായി കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. നാലുപേർ കൂടി പിടിയിലാകാനുണ്ട്.
സംസ്ഥാനത്തും പുറത്തുമായി 274 ബ്രാഞ്ചുകളിലൂടെ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് നിഗമനം. . തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റോയി ഡാനിയേൽ പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് . പറക്കോട് സ്വദേശിയായ നിക്ഷേപകൻ കെ.വി. സുരേഷ് തനിക്ക് കിട്ടാനുള്ള 46,80,000 രൂപയ്ക്കായി പത്തനംതിട്ട കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് വകയാറിലെ ഹെഡ് ഓഫീസ് കെട്ടിടവും സ്ഥലവും തോമസ് ഡാനിയലിന്റെ വകയാറിലെ വീടും സ്ഥലവും കണ്ടുകെട്ടി നോട്ടീസ് പതിച്ചു.
ബാങ്കിന്റെ വകയാറിലെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ ഇടപാടുകാർ ഇന്നലെ ധർണ നടത്തി. അഞ്ഞൂറോളം വരുന്ന ഇടപാടുകാരെ പൊലീസ് നീക്കം ചെയ്തു. തുടർന്ന് സമീപത്തെ വിവിധ ഭാഗങ്ങളിൽ ഇവർ സംഘടിച്ച് പ്രതിഷേധിച്ചു. ഇവരിൽ നിന്ന് പൊലീസ് പരാതികൾ എഴുതിവാങ്ങി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു.