പത്തനംതിട്ട : തിരുവാറന്മുളയപ്പന് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രകടവിൽ നിന്ന് പുറപ്പെട്ടു. തിരുവോണ ദിനമായ ഇന്ന് പുലർച്ചെ ആറൻമുളയിൽ എത്തിച്ചേരും. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് തോണിയു
ടെ യാത്ര. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം.ആർ.രവീന്ദ്ര ബാബു ഭട്ടതിരിയാണു തോണിയാത്രയ്ക്ക് നായകത്വം വഹിക്കുന്നത്. രവീന്ദ്രബാബു ഭട്ടതിരിയുടെ കന്നിയാത്രയാണ് ഇത്. കഴിഞ്ഞ വർഷങ്ങളിൽ യാത്ര നടത്തിയിരുന്ന നാരായണ ഭട്ടതിരിയുടെ വിയോഗത്തെത്തുടർന്നാണ് ഇളയ സഹോദരൻ രവീന്ദ്രബാബു ചുമതലക്കാരനായത്. ഞായറാഴ്ച അയിരൂർ പുതിയകാവിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വൈകിട്ട് മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ എത്തിയത്. കാട്ടൂർ ക്ഷേത്രക്കടവിലെത്തിയ ഭട്ടതിരിയെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും 18 തറവാടുകളിലെ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധയ്ക്ക് തൊട്ടുമുൻപായി ആറന്മുള പാർത്ഥസാരഥിയുടെ കെടാവിളക്കിൽ കത്തിക്കാനുളള ദീപം കാട്ടൂർ ക്ഷേത്രം മേൽശാന്തി പകർന്ന് നൽകി. പിന്നീട് കാട്ടൂർ ക്ഷേത്രത്തിൽ ദീപാരാധനയും നടന്നു. തുടർന്ന് തോണിയിലേക്ക് ഓണസദ്യക്കുളള വിഭവങ്ങൾ കയറ്റി. ചോതി അളവിന്റെ ഭാഗമായി ലഭിച്ച നെല്ല് കുത്തി അരിയാക്കിയത് ഉൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങളാണ് തോണിയിൽ കയറ്റിയത്. ഇന്ന് പുലർച്ചെ 5.30 ന് ആറൻമുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ഉപദേശക സമിതി,പളളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുളള ദീപം മേൽശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങും.തുടർന്ന് തിരുവോണസദ്യക്കുളള ഒരുക്കങ്ങൾ ആരംഭിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി ഭഗവാന് സമർപ്പിച്ച ശേഷം ഭട്ടതിരി കുമാരനല്ലൂരിന് മടങ്ങും.