popular-finance

പത്തനംതിട്ട : പോപ്പുലർ ഫൈനാൻസ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റേബ എന്നിവരാണ് റിമാൻഡിലായത്. മറ്റൊരു മകൾ അഞ്ചാം പ്രതി റിയ ആൻ തോമസ് ഒളിവിലാണ്.

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാൽ തിരുവല്ല മജിസ്ട്രേറ്റിന് മുമ്പിലാണ് ഇന്നലെ പ്രതികളെ ഹാജരാക്കിയത്. റിപ്പോർട്ട് പൊലീസ് നേരിട്ട് മജിസ്ട്രേറ്റിന്റെ മുമ്പിൽ എത്തിച്ചശേഷം എസ്.പി ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രതികളെ ഹാജരാക്കുകയായിരുന്നു. ഗൂഢാലോചന, സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നാലുപേരെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. നിക്ഷേപങ്ങൾക്ക് പന്ത്രണ്ട് ശതമാനം പലിശ നൽകിയത് പ്രതിസന്ധിയിലാക്കിയെന്നാണ് പ്രതികളുടെ വിശദീകരണം. 2014 ൽ ബാങ്കിന്റെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് കേസിൽ നിർണായക പങ്കുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു. സമീപകാലത്ത് ഇവർ ആന്ധ്രയിൽ രണ്ട് കോടി മുടക്കി സ്ഥലം വാങ്ങിയിട്ടുണ്ട്. അന്വേഷണത്തിന് ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായവർക്ക് ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാം.