ആറന്മുള : മുണ്ടപ്പുഴ തച്ചന്മാർ പണികഴിപ്പിച്ച ഇരുപത്തിഎട്ടര പള്ളിയോടങ്ങളെക്കുറിച്ചുള്ള ചരിത്രം പുതിയ തലമുറയിൽ നിന്ന് മാഞ്ഞുപോവുന്നതിന് മുൻപായി പള്ളിയോട പ്രേമികളായ യുവാക്കൾ അര പള്ളിയോടത്തെ നീരണിയിച്ചത് ഓണക്കാലത്ത് ആവേശമായി. ഏഴ് പതിറ്റാണ്ട് മുൻപ് കൈമോശം വന്നതെന്ന് കരുതിയ വള്ളത്തിന്റെ മാതൃകയാണ് പുന:സൃഷ്ടിച്ചിരിക്കുന്നത്.
പരുന്തുവാലൻ വള്ളം എന്നാണ് ആറന്മുളപ്രദേശത്ത് ഇത്തരം വള്ളത്തിന് പറയുന്നത്. കുട്ടനാട്ടിലെ വെപ്പ് വള്ളത്തോട് സാദൃശ്യമുള്ളവയാണ് പരുന്ത് വാലൻ വള്ളങ്ങൾ. എന്നാൽ പള്ളിയോടത്തിന്റെ അമരമോ അണിയമോ ബിംബ കല്പനകളോ ഇതിനില്ല. എന്നാൽ നാഗഫണം പോലെയുള്ള ശില്പകലകൾ അണിയത്തിന്റെ ഭാഗത്ത് നിർമ്മിക്കാറുണ്ട്. 28 മുതൽ 35 വരെയുള്ള തുഴക്കാർക്ക് കയറാൻ കഴിയുന്ന പരുന്ത് വാലൻ വള്ളങ്ങളിലാണ് പണ്ട് യുദ്ധങ്ങളിൽ ഏർപ്പെടുന്നചുണ്ടൻ വള്ളങ്ങളിലെ ആളുകൾക്ക് ആഹാരസാധനങ്ങൾ തയ്യാറാക്കിയിരുന്നത്. ഭക്ഷണം വെച്ചുണ്ടാക്കുന്ന ഇത്തരം വള്ളങ്ങളെയാണ് വെപ്പുവള്ളങ്ങളെന്ന് വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
30 കോൽ നീളമുള്ള വള്ളം അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ 10 കിലോ ഇരുമ്പ്, അഞ്ച് കിലോ പിത്തള, 125 ക്യുബിക് അടി, ആഞ്ഞിലിത്തടി എന്നിവ വേണ്ടി വന്നു. മുഖ്യ ശിൽപ്പികളായ അയിരൂർ സന്തോഷ് ആചാരി, അയിരൂർ ചെല്ലപ്പനാചാരി എന്നിവർക്കൊപ്പം സോണി ആചാരി വിഷ്ണു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്.
അജീഷ് അരവിന്ദ് പൂവത്തൂർ, രാഹുൽ കൃഷ്ണൻ തോട്ടപ്പുഴശ്ശേരി, മാർട്ടിൻ പുന്നംതോട്ടം, ജൂബിൻ തെക്കെമുറി എന്നിവരുടെ ഉടമസ്ഥതയിലാണ് വള്ളത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.
അരപള്ളിയോടം
വലിപ്പത്തിൽ കുഞ്ഞൻ ആയിരുന്ന മുല്ലശ്ശേരി വള്ളത്തിനെക്കുറിച്ചുള്ള കേട്ടറിവാണ് ഏറ്റവും ഒടുവിൽ അരപള്ളിയോടത്തെപ്പറ്റി കേട്ടിട്ടുള്ളത്. കാഴ്ചയയിൽ പള്ളിയോടത്തിന്റെ ചെറുപതിപ്പായി തോന്നുമെങ്കിലും പള്ളിയോടത്തിന്റെ അമരമോ അണിയമോ ബിംബ കല്പനകളോ ഇതിനില്ല. എന്നാൽ നാഗഫണം പോലെയുള്ള ശില്പകലകൾ അണിയത്തിന്റെ ഭാഗത്ത് നിർമ്മിക്കാറുണ്ട്. ഐത്തല കരയിൽ പഴയ കാലത്ത് ഉണ്ടായിരുന്ന പള്ളിയോടം നശിച്ചു പോകുകയും അതിനു ശേഷം ഐത്തല കരയിലുള്ളവർ മുല്ലശ്ശേരി കുടുംബത്തിന്റെ വള്ളത്തിലേറി തിരുവാറന്മുളയിൽ എത്തിയിരുന്നതായി പഴയ തലമുറയും പറയപ്പെടുന്നു. 1950 ൽ മുല്ലശേരി കുടുംബക്കാർ മുൻകൈ എടുത്തു ഈ വള്ളം വിൽക്കുകയും അതിൽ നിന്നും ലഭിച്ച തുക കൊണ്ട് ഐത്തല പരുത്തികാവ് ദേവി ക്ഷേത്രം പണി കഴിപ്പിച്ചു 1951 മെയ് 11ന് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ചരിത്രം.