sabari
ശബരിമലയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ഉത്രാട സദ്യ വിളമ്പുന്നു

ശബരിമല : ഓണനാളുകളിലെ പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്ര നട തുറന്നു. ഉത്രാട പുലരിയിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ നിർമ്മാല്യവും അഭിഷേകവും നടന്നു. 7.30 ന് ഉഷപൂജ കഴിഞ്ഞ ശേഷം ശബരിമല കീഴ്ശാന്തി നറുക്കെടുപ്പ് നടന്നു.
ശബരിമല ഉൾക്കഴകം (കീഴ്ശാന്തി) ആയി വി.ശങ്കരൻ നമ്പൂതിരിയെ (തിരുവിലഞ്ഞാൽ ദേവസ്വം ഹരിപ്പാട് ഗ്രൂപ്പ്) നറുക്കെടുപ്പിലൂടെ
തിരഞ്ഞെടുത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ ശ്രീകോവിലിനു മുന്നിൽ സന്നിഹിതരായിരുന്നു. ദേവസ്വം ബോർഡ് ജീവനക്കാർ ചേർന്ന് എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്നിലായി പൂക്കളവും തീർത്തു. 10ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചു. പിന്നീട് ഉത്രാടസദ്യയും നടന്നു. തന്ത്രിയും ദേവസ്വം പ്രസിഡന്റും അംഗവും മേൽശാന്തിയും ചേർന്ന് സദ്യയുടെ വിഭവങ്ങൾ തൂശനിലയിൽ വിളമ്പി. മേൽശാന്തിയുടെ വകയായാണ് ഉത്രാട സദ്യ നടന്നത്. ഇന്ന് പൊലീസുകാരുടെ വകയായി തിരവോണ സദ്യ ഉണ്ടാകും. അവിട്ടം, ചതയം ദിന സദ്യകൾ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയാണ്. അവിട്ടം, ചതയം ദിന പൂജകൾ കഴിഞ്ഞ് രണ്ടിന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. കന്നിമാസ പൂജകൾക്കായി അടുത്ത 16ന് വൈകിട്ട് നട തുറക്കും.