uthradam

പത്തനംതിട്ട: ഉത്രാട പാച്ചിലിൽ പത്തനംതിട്ട നഗരത്തിൽ പൊതുവേ തിരക്ക് കുറവായിരുന്നെങ്കിലും കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി നഗരങ്ങളിൽ പതിവ് പോലെ തിരക്ക് അനുഭവപ്പെട്ടു. കൊവിഡിനെ തുടർന്ന് ഒരിടത്തും ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. ഉത്രാടപാച്ചിലിന്റെ ബഹളങ്ങൾ കുറവായിരുന്നു. അവശ്യവസ്തുക്കൾ വാങ്ങാൻ പ്രധാന നഗരങ്ങളിൽ ആളുകളുടെ തിരക്കുണ്ടായിരുന്നു. സ്വന്തം വാഹനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തിവരായിരുന്നു കൂടുതൽ പേരും. വാഹന തിരക്ക് നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു. ഒപ്പം കൊവിഡ് സുരക്ഷ ഓർമപ്പെടുത്തി പൊലീസിന്റെ അനൗൺസ് മെന്റും സജീവമായിരുന്നു. കൊവിഡ് ഭീഷണിയെ തുടർന്ന് ഓണ വിപണികളിൽ കാര്യമായ കച്ചവടം നടന്നിട്ടില്ല. വസ്ത്രശാലകളിൽ മാത്രമാണ് അൽപമെങ്കിലും കച്ചവടം നടന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങേളാടെയാണ് കച്ചവടം നടന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ് ഇടപെടലും ഉണ്ടായിരുന്നു. ഓണത്തെ സജീവമാക്കിയിരുന്ന വഴിയോര കച്ചവടക്കാർ ഒരിടത്തും ഇല്ലായിരുന്നു. 2018 ലെ പ്രളയം ഉണ്ടായപ്പോഴും ജില്ലയിൽ ഓണാഘോഷം ഇല്ലായിരുന്നു . കൊവിഡ് എല്ലായിടവും വ്യാപിച്ചതോടെ ഇത്തവണ വീട്ടിലിരുന്നുള്ള ആഘോഷങ്ങൾ മാത്രമാണുണ്ടാകുക. നാട്ടിൻ പുറങ്ങളിലോ നഗരങ്ങളിലോ പരിപാടികൾ ഒന്നും ഇല്ല. ഓൺ ലൈൻ ഓണാഘോഷ പരിപാടികൾ പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്.

നിരത്തുകളിൽ ബസുകൾ കുറവ്

ഇന്നലെ നിരത്തിൽ ബസുകൾ കുറവായിരുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും മണിക്കൂറുകൾ നീണ്ട ഇടവേളയിലാണ് സർവീസ് നടത്തിയിരുന്നത്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഓർഡിനറിയേക്കാൾ ഫാസ്റ്റ് പാസഞ്ചറുകളാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകൾ വിരലിലെണ്ണാവുന്നവ മാത്രമേ ഉണ്ടായിരുന്നുള്ളു.