പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 177മത്തെ സ്‌നേഹ ഭവനം ഷിക്കാഗോ മലയാളിയായ ജോസ് കരിംകുളത്തിന്റെ സഹായത്താൽ കലഞ്ഞൂർ ഇടിഞ്ഞകുഴി ചരുവിളയിൽ ഷൈനിക്കും കുടുംബത്തിനും ഓണ സമ്മാനമായി നൽകി. വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ നിർവഹിച്ചു. ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം കൂടൽ സി.ഐ ടി.ബിജു നിർവഹിച്ചു.
ഷൈനിയും ഭർത്താവ് സുരേഷും മുത്തശ്ശി പൊന്നമ്മയും വിദ്യാർത്ഥികളായ മൂന്ന് കൊച്ചുകുട്ടികളും സുരക്ഷിത ഭവനം ഇല്ലാതെ ഒറ്റമുറി പ്ലാസ്റ്റിക് കുടിലിലായിരുന്നു താമസം. ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 3 കുട്ടികളുടെയും സാഹചര്യം കലഞ്ഞൂർ ഗവ.സ്‌കൂളിലെ അദ്ധ്യാപകനായ ഫിലിപ്പ് ജോർജ് അറിയിച്ചതിനെ തുടർന്നാണ് രണ്ടുമാസം കൊണ്ട് സുരക്ഷിത ഭവനം നിർമ്മിച്ച് നൽകിയത്. ജോസ് കരിംകുളം നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും ഉള്ള വീട് പണിത് നൽകിയത്.
കൂടൽ എസ്.ഐ എസ്.ആർ.സേതുനാഥ്, കെ.പി.ജയലാൽ, ഫിലിപ്പ് ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ്, അഭിജിത്ത് യശോധരൻ, എന്നിവർ പ്രസംഗിച്ചു.