covid

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡംഗത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25ന് നടത്തിയ സ്രവ പരിശോധനയിൽ പഞ്ചായത്തിലെ രണ്ട് ജീവനക്കാരും ഒരു വാർഡ് അംഗവും അടക്കം മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതിനു പുറമേയാണ് കഴിഞ്ഞ ദിവസം മറ്റൊരു അംഗത്തിനും രോഗബാധയുണ്ടായത്. ഗ്രാമപഞ്ചായത്ത് ഒാഫീസ് 25ന് തന്നെ അടച്ചിരുന്നു. കൊവിഡ് പോസിറ്റീവായവരൊടൊപ്പം സമ്പർക്കത്തിൽ പെട്ട 30 ഓളം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. കൊവിഡ് പോസിറ്റീവായവരുമായി ധാരാളം പേർ സമ്പർക്കത്തിൽ ഏർപെട്ടതായി വിവരമുണ്ട്. ആഫീസുമായി ബന്ധപ്പെട്ട 90 ശതമാനം ആൾക്കാരുടെയും സ്രവ പരിശോധന നടത്തിയതായി പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു.
ഇതിനിടയിൽ വൈദിക സമ്പർക്കത്തിൽപെട്ട് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിലിരുന്ന ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ (64) ന്റെ മരണം പ്രദേശവാസികളെ കൂടുതൽ ആശങ്കയിൽപ്പെടുത്തിയിരിക്കുകയാണ്.