കൊല്ലം: ദാരുശില്പത്തിലൂടെ ബ്രേക്ക് ദി ചെയിൻ സന്ദേശം പകർന്ന് പാവുമ്പ സ്വദേശിയായ ചിത്രകലാ അദ്ധ്യാപകൻ ഫ്രസ്കോ സുഗതൻ. കൊവിഡ് മഹാമാരിയെ തുരത്താൻ കൈകൾ ശുദ്ധമാക്കണമെന്ന ബോധവത്കരണവുമായി തടിയും പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണ് സുഗതൻ ശില്പം തീർത്തത്.
തുമ്പിക്കൈയോടുകൂടിയ ആനയുടെ തലയിൽ ഒരമ്മ മകളുടെ നീട്ടിപ്പിടിച്ച കൈകളിലേക്ക് വെള്ളംതൂകുന്നതായാണ് ശില്പത്തിന്റെ രൂപകല്പന. വേരുകളോടെയുള്ള ആഞ്ഞിലി മരത്തിന്റെ തായ്‌ത്തടിയും പാഴ്‌വസ്തുക്കളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്ളാസ്റ്രിക്കും ഫൈബറും മറ്ര് വസ്തുക്കളും ഉപയോഗിച്ച് തടിയോട് സാമ്യം തോന്നും വിധത്തിലാണ് അമ്മയുടെയും മകളുടെയും രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ബക്കറ്റിൽ ശേഖരിച്ചിരിക്കുന്ന വെള്ളം ശബ്ദമില്ലാത്ത ചെറിയ മോട്ടോറിന്റെ സഹായത്തോടെ തൊട്ടിയിലേക്ക് പമ്പ് ചെയ്യും. വെള്ളം വീഴുന്ന ശബ്ദം കേൾക്കാനാകുമെങ്കിലും മോട്ടറോ ബക്കറ്റോ പുറത്ത് കാണാനാകാത്ത വിധമാണ് ശില്പത്തിന്റെ രൂപകല്പന. ചുവപ്പ് നിറത്തിലുള്ള എൽ.ഇ.ഡി ലൈറ്റ് കൂടി സജ്ജമാക്കിയതോടെ രാത്രി കാഴ്ചയ്ക്കും കൗതുകമാണ് ശില്പം. ഒരാഴ്ചയോളം സമയമെടുത്താണ് ശില്പം പൂർത്തിയാക്കിയത്. കരുനാഗപ്പള്ളി ഫിഷറീസ് സ്കൂളിലെ ഗസ്റ്റ് അദ്ധ്യാപകനായ സുഗതന്റെ വീടിനോട് ചേർന്നുള്ള ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിട്ടുള്ള ശിൽപ്പം കാണാനായി നിരവധിപേരാണ് എത്തുന്നത്.
'ഫ്രസ്കോ'യെ നെഞ്ചേറ്റിയ കലാകാരൻ
പ്രത്യേകതരം ചിത്രകലാരീതിയോടുള്ള (ഫ്രസ്കോ) കമ്പത്താൽ തന്റെ പേരിനൊപ്പം ഫ്രസ്കോ കൂടി കൂട്ടിച്ചേർത്ത് ചിത്രകലയെ നെഞ്ചേറ്റിയ കലാകാരനാണ് സുഗതൻ. ഫിഷറീസ് സ്കൂളിലെ പാർട്ട്ടൈം ജോലിക്കൊപ്പം ആവശ്യക്കാർക്ക് പെയിന്റിംഗുകളും ആർട്ട് വർക്കുകളും ചെയ്താണ് കുടുംബം പുലർത്തുന്നത്. ഓൺലൈൻ വഴിയും സുഗതന്റെ പെയിന്റിംഗുകൾ വിറ്രഴിക്കുന്നുണ്ട്. ഗാന്ധിജിയുടെ പ്രതിമയുടെ നിർമ്മിതിയിലാണിപ്പോൾ. അമ്മ മീനാക്ഷിയും ഭാര്യ പ്രീതയും മക്കളായ ഋഷിയും ശന്തനുവും അടങ്ങുന്നതാണ് സുഗതന്റെ കുടുംബം.