രഹസ്യങ്ങളുടെ ഇരുളറയായ ആമസോൺ വനാന്തരത്തിൽനിന്ന് ഉത്ഭവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തെർമൽ നദി. ചൂടുകൂടിയും കുറഞ്ഞും ഒഴുകിക്കൊണ്ടിരിക്കുന്ന ഈ നദിയുടെ ഉത്ഭവവും ഇതിനെക്കുറിച്ചുള്ള മിത്തുകളും ആ നാട്ടിൽ ധാരാളമുണ്ട്.
തിളയ്ക്കുന്ന തടാകങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്. കരീബിയൻ ദ്വീപായ ഡൊമിനിക്കയിലെ തിളയ്ക്കുന്ന തടാകങ്ങൾ പോലുള്ളവ സാധാരണഗതിയിൽ അഗ്നിപർവ്വതങ്ങളോട് ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. എന്നാൽ, പെറുവിലെ ആമസോൺ മേഖലയിൽ ആഗ്നിപർവ്വതങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ അവിടെ ഇത്തരമൊരു തടാകത്തിനോ നദിക്കോ സാധ്യതയില്ലെന്നാണ് ഭൗമശാസ്ത്രജ്ഞന്മാർ നേരത്തെ അനുമാനിച്ചിരുന്നത്.
2011 ൽ പെറുവിലെ തന്നെ ഭൗമശാസ്ത്രജ്ഞനായ ആൻഡ്രോസ് റൂസോ തന്റെ പിതാവിന്റെ കഥകളിൽ നിറഞ്ഞൊഴുകിയുരുന്ന ഈ രഹസ്യ നദിയെക്കുറിച്ച് ഒന്ന് അന്വേഷിച്ചുകളയാം എന്ന് വിചാരിച്ചിടത്തുനിന്നാണ് കഥയുടെ ചുരുളഴിയുന്നത്. തിളയ്ക്കുന്ന നദിയെക്കുറിച്ചുള്ള കഥകളും തന്റെ ആന്റിയുടെ അനുഭവങ്ങളും അറിഞ്ഞതിൽ നിന്നാണ് അദ്ദേഹം ഈ നദി അന്വേഷിച്ചിറങ്ങിയതും കണ്ടെത്തിയതും. ചിലയിടങ്ങളിൽ ഇതിലെ വെള്ളത്തിന് 86 ഡിഗ്രി സെൽഷ്യസ് വരെ ചൂണ്ടുണ്ടായിരുന്നുവത്രെ. തവളകളോ, മറ്റു ജീവികളോ ഇതിൽ വീണാൽ വെന്തുപോകുമായിരുന്നു.
ഈ നദി ഇന്നും അത്ഭുതമായി ഒഴുകിക്കൊണ്ടിരിക്കുന്നു. ജിയോ തെർമൽ നദിയെ സംബന്ധിച്ച് ഈ ചൂട് സാധാരണമാണ്. എന്നാൽ, അഗ്നിപർവതത്തിന്റെ സാന്നിദ്ധ്യം കൊണ്ടല്ല എന്നതാണ് ഈ ആമസോൺ നദിയെ സവിശേഷമാക്കുന്നത്. അഗ്നിപർവതമാകട്ടെ 700 കിലോ മീറ്റർ അകലെയാണു താനും.
ഐതിഹ്യവും ആത്മീയതയും നിഗൂഢതയും കൂടികലർന്ന ഈ നദി നാട്ടുകാർക്ക് ഒരു വിശുദ്ധ സ്ഥലം തന്നെയാണ്.
ഈ ബോയിലിംഗ് നദിയെക്കുറിച്ചുള്ള റൂസോയുടെ പഠനം കുറെക്കാലം തുടന്നു. ഒടുവിൽ നാഷണൽ ജ്യോഗ്രഫിയിലെ ഗവേഷകരുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ തിളയ്ക്കുന്ന നദിയുടെ പിന്നിലെ രഹസ്യം അദ്ദേഹം തന്നെ കണ്ടെത്തി. ഭൂമിക്കടിയിൽ നിന്നെത്തുന്ന താപവാതം തന്നെയാണ് നദിയെ ചൂടുപിടിപ്പിക്കുന്നത്. എന്നാൽ, മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിത പ്രദേശത്തുമാത്രം നൂറുകണക്കിന് വിള്ളലുകളുണ്ട്. ഈ വിള്ളലുകളിലൂടെയാണ് താപവാതം പുറത്തേക്കു പ്രവഹിക്കുന്നത്. വിള്ളലുകളുടെ എണ്ണക്കൂടുതലാണ് നദിയിലെ താപനില മറ്റു ഉറവകളെക്കാൾ ഉയർന്നതാകാൻ കാരണവും. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഹൈഡ്രോ തെർമൽ പ്രതിഭാസങ്ങളിൽ സമാനതകളില്ലാത്ത ഒന്നാണ് പെറുവിലെ ഈ തിളയ്ക്കുന്ന നദി.