ഇലക്ട്രോണിക്സ് രംഗത്തെ അതികായന്മാരായ ഹിറ്റാച്ചിയുടെ ബ്രാൻഡ് അംബാൻഡ് അമ്പാസിഡർ ഒരു മരമാണ് ; മങ്കിപോഡ് ട്രീ. ഹവായിലെ ഹോണോലുലുവിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള മോണോലൂവ എന്ന പാർക്കിലാണ് ഈ ഭീമൻ മരം നിൽക്കുന്നത്. 130 വർഷം പഴക്കമുള്ള ഈ മങ്കിപോഡ് ട്രീയാണ് ഹിറ്റാച്ചി മരം എന്ന പേരിൽ ലോകപ്രശസ്തമായത്. ഈ പാർക്കിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗവും ആകർഷണവും ഹിറ്റാച്ചി മരം തന്നെ. വിശാലമായ ഈ പാർക്ക് നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ ഈ ഭീമൻ മരം കാണാനെത്തുന്നവർ നൽകുന്ന ഫീസ് തന്നെ മതിയാകും. സഞ്ചാരികളുടെ ഇഷ്ടമരമാണിത്. ഹിറ്റാച്ചി മരം എന്ന പേരുവീഴാൻ ഒരു കാരണമുണ്ട്. 1973ൽ ജപ്പാനിൽ ഹിറ്റാച്ചി കമ്പനി പുറത്തിറക്കിയ ടെലിവിഷൻ പരസ്യത്തിലും പത്രപരസ്യത്തിലുമെല്ലാം നിറഞ്ഞുനിന്നിരുന്നത് ഈ മരമായിരുന്നു. അതിനുശേഷം ഇന്നുവരെ തങ്ങളുടെ കോർപ്പറേറ്റ് പ്രതീകമായി ഹിറ്റാച്ചി ഈ മരത്തിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നു. കമ്പനിയുടെ വിശ്വാസ്യതയുടെയും പരിസ്ഥിതി സൗഹാർദ്ദത്തിന്റെയും പ്രതീകമായ ഈ മരം കമ്പനിക്കൊപ്പം വളർന്ന് ലോകപ്രശസ്തമായി. ഓരോ ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഹിറ്റാച്ചി മരത്തിനൊപ്പം നിന്ന് സെൽഫിയെടുക്കുന്നത്.
ഈ മരത്തിന്റെ പരിചരണത്തിനായി ഹിറ്റാച്ചി കമ്പനി നാലു ലക്ഷം യു.എസ് ഡോളറാണ് പാർക്കിന്റെ ഉടമസ്ഥർക്ക് വർഷം തോറും നൽകുന്നത്. കൂടാതെ, ഫോട്ടോയെടുക്കാനെത്തുന്നവരുടെ വകയായ ഫീസ് വേറെയും.
24 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ കുടപോലയുള്ള ശിഖരങ്ങളുമായി തലയെടുപ്പോടെയാണ് ഹിറ്റാച്ചി മരം നിൽക്കുന്നത്. 40 മീറ്റർ ചുറ്റളവിൽ പടർന്നുകിടക്കുന്ന ശിഖരങ്ങൾക്ക് ചുവട്ടിൽ വിശ്രമിക്കാനെത്തുന്നവരും കുറവല്ല.