farm-polachira
പോളച്ചിറ ഏലായ്ക്ക് സമീപം പ്രവർത്തിക്കുന്ന കോഴിഫാം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്ത് പരിധിയിൽ അനധികൃത കോഴി, കാലി വളർത്ത് ഫാമുകൾ പെരുകുന്നതായി പരാതി. ഇവിടങ്ങളിൽ നിന്നുള്ള മാലിന്യം സമീപപ്രദേശങ്ങളിൽ നിർബാധം ഒഴുക്കിവിടുന്നത് ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നുണ്ട്. മാലിന്യം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ പകർച്ചവ്യാധി ഭീഷണിയുടെ വക്കിലാണ്.

നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഒരു ഫാമിന് നോട്ടീസ് നൽകിയെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സംഘടിപ്പിച്ച ഫാം ഉടമ നിയമലംഘനം തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോളച്ചിറ ഏലായ്ക്ക് സമീപം പ്രവർത്തിക്കുന്ന ഈ ഫാമിൽ നിന്ന് ഇറച്ചിമാലിന്യവും ചത്ത കോഴികളും ഉൾപ്പെടെ ഏലായിലേക്ക് തള്ളുകയാണ്. മാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശത്ത് ഈച്ച, കൊതുക് എന്നിവയുടെ ശല്യം പെരുകി.

സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് തണ്ണീർത്തടത്തിലാണ് ഫാം പ്രവർത്തിക്കുന്നത്. നൂറുകണക്കിന് കർഷകരുടെ ഉപജീവനമാർഗമായ പോളച്ചിറ ഏലായിലേക്ക് മാലിന്യം തള്ളുന്നത് കൃഷിയെയും ബാധിക്കുന്നുണ്ട്. ഫാം കഴുകുമ്പോൾ ഒഴുക്കിവിടുന്ന മലിനജലം അടിയുന്നത് ഏലായിലെ മത്സ്യസമ്പത്തിനും ഭീഷണിയാണ്.

പഞ്ചായത്തിലെ ഭൂരിഭാഗം ഫാമുകളും മാലിന്യം നീർത്തടങ്ങളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നതായി ആരോപണമുണ്ട്. ഏറം തെക്ക് വാർഡിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന്റെ നിയമലംഘന പ്രവർത്തനങ്ങളിൽ പൊറുതിമുട്ടിയ ജനങ്ങൾ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകി കാത്തിരിക്കുകയാണ്. ഇത്തരം ഫാമുകളിൽ പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.