thozhil

 കൊവിഡ് കഴിയുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ

കൊല്ലം: കൊവിഡ് സാമ്പത്തിക ആഘാതങ്ങൾക്കിടയിലും ജില്ലയിലെ നിർമ്മാണ - അസംഘടിത മേഖലകളിൽ തൊഴിലവസരങ്ങൾ തെളിയുന്നു. അന്യസംസ്ഥാന തൊഴിലാളികളിൽ പതിനായിരത്തിലേറെ പേർ സമൂഹ വ്യാപന സാദ്ധ്യതകൾ രൂപപ്പെടും മുമ്പേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

കൊവിഡ് ഭീഷണി ഒഴിയാതെ ഇവരിൽ വലിയൊരു വിഭാഗം കേരളത്തിലേക്ക് മടങ്ങിയെത്തില്ല.

ജില്ലയിൽ നിന്ന് തൊഴിൽ നഷ്ടമായി അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയ അതേ സമയത്താണ് ഗൾഫ് - അന്യ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടമായി ഇവിടേക്ക് മടങ്ങിയെത്തിയത്. ഗൾഫ് രാജ്യങ്ങളിലെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പണിയെടുത്തിരുന്ന പരിചയ സമ്പന്നരായ തൊഴിലാളികളെ ജോലിക്കെടുക്കാൻ കേരളത്തിലെ സ്വകാര്യ - സഹകരണ നിർമ്മാണ കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അന്യ സംസ്ഥാന തൊഴിലാളികളേക്കാൾ പരിചയ സമ്പന്നരും വിദഗ്ദ്ധരുമാണ് തദ്ദേശീയ തൊഴിലാളികൾ. പ്രതിദിനം എട്ട് മണിക്കൂർ ജോലിക്ക് ശരാശരി ആയിരം രൂപ വരുമാനം ഉറപ്പ് വരുത്തുന്ന തരത്തിലേക്ക് ജില്ലയിലെ നിർമ്മാണ മേഖല മാറിയിട്ടുണ്ട്.

നിറയെ തൊഴിൽ സാദ്ധ്യതകൾ

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ ഏതാണ്ടെല്ലാ രംഗത്തും തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. നിർമ്മാണ മേഖലയ്ക്ക് പുറമെ അസംഘടിത മേഖലയിലും വൻ തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാത്തരം പ്രതിസന്ധികളെയും വിപണിയും നിർമ്മാണ മേഖലയും അതിവേഗം മറികടക്കും. മത്സ്യബന്ധന മേഖല, സൂപ്പർമാർക്കറ്റുകൾ, വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തൊഴിലാളികളെ വേണം. റബർ എസ്റ്റേറ്റുകൾ, തോട്ടം മേഖല തുടങ്ങി സാദ്ധ്യതകളേറെയാണ്.

വഴി തെളിക്കാൻ സർക്കാർ സ്ഥാപനങ്ങൾ

സ്വയം തൊഴിലിലേക്ക് തിരിഞ്ഞ് ജീവിത ലക്ഷ്യം നേടാൻ ശ്രമിക്കുന്നവർക്ക് കൊട്ടാരക്കരയിലെ കില എക്സ്റ്റൻഷൻ സെന്റർ ( കില ഇ.ടി.സി) പോലെയുള്ള സ്ഥാപനങ്ങൾ പരിശീലനം നൽകും. ഭക്ഷ്യ സംസ്കരണം, തയ്യൽ, റബർ ടാപ്പിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയ്ക്ക് പുറമെ ചെറുകിട കച്ചവട സംരംഭകർക്കുള്ള പരിശീലനവും ഇവിടെ നിന്ന് യുവതീ - യുവാക്കൾക്ക് ലഭിക്കും. സംരംഭങ്ങൾ ആരംഭിക്കാനും സഹായിക്കും. ഒക്ടോബറോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളെ സഹായിക്കാൻ 11 ഫിനിഷിംഗ് സ്കൂളുകളും തുടങ്ങും. 363 പേർക്ക് കുടുംബശ്രീ സ്കൂൾ ആദ്യ ഘട്ടത്തിൽ പരിശീലനം നൽകും.

''

തദ്ദേശ സ്ഥാപനങ്ങൾ ശുപാർശ ചെയ്യുന്നവർക്ക് വിവിധ സ്വയം തൊഴിൽ പരിശീലനങ്ങൾ നൽകാൻ കില ഇ.ടി.സി സജ്ജമാണ്. നിയന്ത്രണങ്ങൾ മാറുമ്പോൾ പരിശീലനം തുടങ്ങും.

ജി.കൃഷ്‌ണകുമാർ, പ്രിൻസിപ്പൽ,

കില ഇ.ടി.സി, കൊട്ടാരക്കര