കൊല്ലം: പശ്ചിമബംഗാളിൽ സ്ഥിരതാമസമാക്കിയ ചവറ പന്മന സ്വദേശി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. പശ്ചിമബംഗാൾ ബർസാത്ത് 24 പ്രാഗ്നാസിൽ ഡി. കാർത്തികേയനാണ് (69) മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം 25നാണ് കൊൽക്കത്ത ബാംഗൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. 40 വർഷം മുൻപ് തൊഴിൽ തേടിയാണ് ബംഗാളിലേക്ക് പോയത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തു. സി.പി.എം പ്രവർത്തകനായ കാർത്തികേയൻ മലയാളികൾ കൂടുതലായുള്ള എസ്.എ നഗറിൽ നിന്ന് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: സന്ധ്യ. മകൻ: അരിജിത്ത് കാർത്തികേയൻ.
കൊവിഡ്: പാലക്കാട് രണ്ട് മരണം
പാലക്കാട്: കൊവിഡ് ബാധിച്ച് പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരൻ (80), ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധു (34) എന്നിവർ മരിച്ചു. ഓങ്ങല്ലൂർ പോക്കുപടി സ്വദേശി കോരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അർബുദ രോഗിയായ സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് കോരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം സംസ്കരിച്ചു. സമ്പർക്കത്തിലുള്ളവരെ പരിശോധിച്ചപ്പോൾ കുടുംബാംഗങ്ങളായ ഏഴുപേർക്ക് രോഗം കണ്ടെത്തി.
വാണിയംകുളം അങ്ങാടിയിൽ സുന്ദരന്റെയും കൃഷ്ണമ്മാളുടെയും മകൾ സിന്ധുവിനെ വെള്ളിയാഴ്ച ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.രാത്രി തന്നെ മരിച്ചു.
സിന്ധു വാണിയംകുളത്ത് പെട്ടിക്കട നടത്തിയിരുന്നു. അർബുദ ചികിത്സയെ തുടർന്ന് കുറച്ച് ദിവസങ്ങളായി കിടപ്പിലായിരുന്നതിനാൽ കൂടുതൽ സമ്പർക്കമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കൊവിഡ്: മലപ്പുറത്ത് ഒരാൾ കൂടി മരിച്ചു
മഞ്ചേരി: കൊവിഡ് ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ സ്വദേശി കോയാമു (82) മരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമ്മൂന്നായി. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തുടർച്ചയായി മരുന്ന് കഴിച്ചിരുന്ന കോയാമുവിനെ ശ്വാസംമുട്ടൽ മൂലമാണ് ജൂലായ് 29ന് ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ഐ.സി.യുവിലേക്ക് മാറ്റി പ്ലാസ്മ തെറാപ്പിയും നൽകിയിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോയാമുവിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്തുപേർ കൊവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് വീണ്ടും കൊവിഡ് മരണം
കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് മരണം. പെരുവയൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന കളത്തിൽ രാജേഷാണ് (45 ) മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലായ് 14നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജൂലായ് 20ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.