നഴ്സുമാരുടെ ജോലികൾ പോലും ചെയ്യേണ്ടി വരുന്നു
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ശുചീകരണ ജീവനക്കാരെ അടിമപ്പണിയെടുപ്പിക്കുന്നതായി പരാതി. പാതിരാത്രിയിൽ സ്ത്രീ തൊഴിലാളികളെ മൃതദേഹവുമായി തനിച്ച് മോർച്ചറിയിലേക്ക് പറഞ്ഞയക്കാറുണ്ടെന്നും ആരോപണമുണ്ട്.
മാലിന്യം നീക്കം ചെയ്യൽ, തറ തുടയ്ക്കൽ, ശുചിമുറി വൃത്തിയാക്കൽ എന്നിവയാണ് യഥാർത്ഥത്തിൽ ശുചീകരണ തൊഴിലാളികളുടെ ജോലി. എന്നാൽ ഇവയ്ക്ക് പുറമേ ഗ്രേഡ് വൺ, ഗ്രേഡ് ടു വിഭാഗം നഴ്സുമാരുടെ ജോലിയും ചെയ്യിക്കാറുണ്ടെന്നാണ് അറിവ്. ആംബുലൻസിലെത്തുന്ന കൊവിഡ് ബാധിതരെ സ്ട്രെച്ചറിൽ വാർഡുകളിലെത്തിക്കണം, എക്സറേയ്ക്കും സ്കാനിംഗിനും കൊണ്ടുപോകണം, അവശരായവരുടെ വസ്ത്രങ്ങൾ മാറ്റണം, ശരീരം തുടയ്ക്കണം, വിസർജ്ജ്യമെടുക്കണം, ഇതിനിടെ വാർഡുകളും ശുചിമുറികളും വൃത്തിയാക്കുകയും വേണം.
ഇതിനെല്ലാം പുറമേ മാനസിക പീഡനവും അനുഭവിക്കേണ്ടി വരുന്നുണ്ട്. കൊവിഡ് വാർഡിൽ ചികിത്സയിലുള്ള ഡോക്ടർ ദമ്പതികളുടെ പരിധിവിട്ട ശകാരത്തെ തുടർന്ന് കഴിഞ്ഞദിവസം ശുചീകരണ ജീവനക്കാരി വരാന്തയിൽ തളർന്നുവീണിരുന്നു. ആരെങ്കിലും പ്രതികരിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയാകും പിന്നെ, അരി വാങ്ങാൻ നിവൃത്തിയില്ലാത്തതിനാലാണ് തൊഴിലിൽ തുടരുന്നതെന്ന് ജീവനക്കാരിലൊരാൾ പറയുന്നു.
ദുരിതത്തീയിൽ 135 തൊഴിലാളികൾ
സ്വകാര്യ ഏജൻസി വഴി 175 ശുചീകരണ ജീവനക്കാരെയാണ് മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. ഇതിൽ 135 പേർ മാത്രമാണ് ശുചീകരണ ജോലിയിലുള്ളത്. മറ്റുള്ളവരെ ഓഫീസ് ജോലിക്ക് നിയോഗിച്ചിരിക്കുകയാണ്.
പി.പി.ഇ കിറ്റിനുള്ളിൽ മണിക്കൂറുകളോളം ഉരുകിയൊലിച്ചാണ് ഇവർ ദിവസം തള്ളിനീക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവരുമുണ്ട്.
രണ്ട് മാസമായി ശമ്പളമില്ല
ജൂൺ, ജൂലായ് മാസത്തെ ശമ്പളം ഇതുവരെ ശുചീകരണ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഇതുവരെയും മാസാദ്യം ശമ്പളം കിട്ടിയിട്ടുമില്ല. എല്ലാമാസവും 15 കഴിഞ്ഞാലെ ശമ്പളം കിട്ടാറുള്ളു. ചിലപ്പോൾ മാസാവസാനമാണ് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം കിട്ടുന്നത്. 18000 രൂപയാണ് ഒരു തൊഴിലാളിയുടെ ശമ്പളം. പിടുത്തങ്ങളെല്ലാം കഴിഞ്ഞ് 15,600 രൂപയോളമാണ് കിട്ടുക.
'' ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ എല്ലാ പരാതികളും പരിഹരിക്കും. ശമ്പളം അഞ്ച് ദിവസത്തിനുള്ളിൽ ലഭ്യമാക്കും. അതിനുള്ള ഇടപെടൽ നടത്തുന്നുണ്ട്"
ഹബീബ് നസീം
(മെഡിക്കൽ കോളേജ് സൂപ്രണ്ട്)