കുറുനരി മോഷ്ടിക്കരുത്.. കുറുനരി മോഷ്ടിക്കരുത്.. കുറുനരി മോഷ്ടിക്കുകയേ ചെയ്യരുത് കുട്ടികളുടെ പ്രിയകാർട്ടൂണായ ഡോറയിലെ ഡയലോഗാണിത്. ഡോറയെയും കൂട്ടുകാരൻ ബുജിയെയും ശല്യം ചെയ്യുന്ന അവരുടെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടു പോകുന്ന വികൃതിയായ ഒരു കുറുനരി പ്രേക്ഷകർക്കും പരിചിതനാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കുറുനരികൾ മോഷ്ടാക്കളാണോ.. സംശയിക്കണ്ട അതേയെന്ന് തെളിയിച്ചിരിക്കുകയാണ് ബെർലിനിൽ നിന്നുള്ള ഈ കുറുനരി. ഡോറയിലെ കുറുനരിയെപ്പോലെ എന്തും ഏതും മോഷ്ടിക്കാനൊന്നും ഈ കുട്ടി മോഷ്ടാവിന് താത്പ്പര്യമില്ല. ചെരിപ്പുകളാണ് കക്ഷിയുടെ 'വീക്ക്നെസ്' അതും ഫ്ലിപ്പ് ഫ്ലോപ്പ്സ്. ബെർലിനിലെ സെഹ്ലൻഡോർഫാണ് കുറുക്കൻ മോഷ്ടാവിന്റെ പ്രധാന ഏരിയ. ഇവിടെ ചെരുപ്പുകളും ഷൂസുകളും കാണാതെ പോകുന്നുവെന്ന് പ്രദേശവാസികളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് യഥാർത്ഥ മോഷ്ടാവ് മോഷണത്തിനിടെ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്.
നീല ഫ്ലിപ്പ് ഫ്ലോപ്പുകളും കടിച്ചെടുത്ത് നടക്കുന്നതിനിടെയാണ് കുറുക്കൻ ഒരാളുടെ ശ്രദ്ധയിൽപ്പെടുന്നതും കള്ളനാരാണെന്ന് പ്രദേശവാസികൾ തിരിച്ചറിഞ്ഞതെന്നുമാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുറുക്കൻ ശേഖരിച്ച് വച്ച നൂറോളം ചെരുപ്പുകളാണ് കണ്ടെത്തിയത്.