kollan

'ആശാനക്ഷരമൊന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന്'. അങ്ങനെയിരിക്കെ മാതൃകയാകേണ്ടവർ തന്നെ നിർദ്ദേശങ്ങൾ ലംഘിച്ചാലോ? കൊല്ലത്ത് കൊവിഡ് വ്യാപനം അതിശക്തമായ ഘട്ടമാണിപ്പോൾ. നാഴികയ്ക്ക് നാൽപ്പതുവട്ടം ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ട്. പക്ഷേ സർക്കാരിന്റെ ഭാഗമായ ജനപ്രതിനിധികൾ ഇത് മറന്നാലോ? മന്ത്രി രാജു അടക്കമുള്ളവർ നിരീക്ഷണത്തിലായത് പൊതുചടങ്ങുകളിൽ പങ്കെടുത്തതിനാലാണ്. ഈയാഴ്ച തന്നെ പല ജനപ്രതിനിധികളും യാതൊരു അകലവും പാലിക്കാതെയാണ് ഉദ്ഘാടനങ്ങളിൽ ഓടിനടന്ന് പങ്കെടുത്തത്. ഇരുപത് മിനിട്ടിലേറെ പ്രസംഗിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്ഘാടന മാമാങ്കം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ളത് പച്ചപ്പരമാർത്ഥം. പക്ഷേ കൊവിഡ് വ്യാപനം തടയാൻ പാലിക്കേണ്ടവ ഉപദേശിക്കേണ്ടവർ തന്നെ ലംഘിച്ചാൽ നാട്ടുകാരെന്ത് വിചാരിക്കും?

കൊവിഡ് ചികിത്സാ സെന്ററുകളുടെ ഉദ്ഘാടന ചടങ്ങുകളുടെ ഫോട്ടോ കണ്ടാൽ മതി ഇതൊക്കെ വ്യക്തമാകാൻ. മുമ്പുള്ളതിനേക്കാൾ ചേർന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ നിൽപ്പ്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ നേരിട്ട് കാണേണ്ട ഫോട്ടോകളാണിവ. സർക്കാരും പൊലീസും തുടർച്ചയായി വിമർശിച്ചപ്പോൾ പ്രതിപക്ഷം പോലും സമരങ്ങൾ മാറ്റിവച്ചിരിക്കയാണ്. കൊവിഡ് സെന്ററുകളുകൾ തുറക്കുന്നതിനും ലാബ് ഉദ്ഘാടനത്തിനുമൊക്കെ ചിത്രമെടുക്കുന്നത് നിർബന്ധമാണോ? മുഖ്യമന്ത്രി മുതൽ എല്ലാവരും ഓൺലൈനായി ഉദ്ഘാടനങ്ങളും യോഗങ്ങളും നടത്തുമ്പോൾ കൊല്ലത്ത് മാത്രമെന്തേ ഇങ്ങനെ? ഇതുകണ്ട് പ്രതിപക്ഷ കക്ഷികൾ സമരങ്ങളുമായി ഇറങ്ങിയാൽ അതിനെ എങ്ങിനെ പ്രതിരോധിക്കും? കഴിഞ്ഞില്ല, ജനപ്രതിനിധികൾ ഇങ്ങനെ തുടങ്ങിയാൽ ജനവും പുറത്തിറങ്ങും. എന്തുപറഞ്ഞ് സർക്കാരിന് അവരെ തടയാനും പിഴയിടാനുമാവും.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നേതാക്കളുടെ എണ്ണമെടുക്കുന്നത് നന്നായിരിക്കും. കൊവിഡ് സമൂഹവ്യാപനത്തിന് ഇത്രയും പേർ ധാരാളം. ഭരിക്കുന്നവർക്കും നേതാക്കൾക്കും ഒരു രീതി, മറ്റുള്ളവർക്ക് വേറൊന്നും. അതും സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങളിൽ. ആളെ കൂട്ടി സമരം ചെയ്‌തെന്ന് പറഞ്ഞ് കൊല്ലത്ത് തന്നെ പല കേസുകളും എടുത്തിട്ടുണ്ടല്ലോ. കൂട്ടംകൂടിയുള്ള ഉദ്ഘാടനങ്ങൾക്കും ഇനി കേസുകളുണ്ടാവുമോ എന്തോ.

ജനകീയതയും അംഗീകാരവും കിട്ടേണ്ടത് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ശരിയായ സഫലീകരണമുണ്ടാകുമ്പോഴാണ്. തട്ടിപ്പറിച്ചുള്ള അംഗീകാരങ്ങൾക്ക് പൊതുവെ ആയുസില്ലെന്നാണല്ലോ സത്യം. അതുകൊണ്ട് ഉദ്ഘാടനം നടത്തിയില്ലെന്നുവച്ച് നിങ്ങൾക്ക് ജനം തരുന്ന അംഗീകാരങ്ങൾക്ക് കുറവുണ്ടാകില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും ഈ മാമാങ്കങ്ങൾ ഒഴിവാക്കുക തന്നെ വേണം.