പാവുമ്പ പാലമൂട് പ്രദേശം അതീവ ജാഗ്രതയിൽ

തഴവ: കുന്നത്തൂരിലെ ആരോഗ്യപ്രവർത്തകയ്ക്ക് പിന്നാലെ അവരുടെ ഏഴുവയസുകാരിയായ ഇളയ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പാവുമ്പ പാലമൂട്ടിൽ ഇവരുടെ പ്രാഥമിക സമ്പർക്കലിസ്റ്റിൽപ്പെട്ട 73 പേരുടെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് കുട്ടിക്ക് മാത്രം രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ പ്രത്യേക ആംബുലൻസിൽ അമ്മ ചികിത്സയിൽ കഴിയുന്ന കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിൽ നിന്നെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഗൃഹനാഥന് കൊവിഡ് പോസിറ്റീവായതോടെ തഴവ പഞ്ചായത്തിലെ വാ‌ർഡ് 16ഉം നിരീക്ഷണത്തിലായി. തഴവ വടക്കുംമുറി കിഴക്ക് കറുത്തേരിൽ ജംഗ്ഷന് തെക്ക് വശം മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയ ഏഴംഗ കുടുംബത്തിലെ ഗൃഹനാഥൻ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ആയിരുന്നതിനാൽ സമ്പർക്കമുണ്ടായതായി സൂചനയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എങ്കിലും കുടുംബാംഗങ്ങളോടും അയൽക്കാരോടും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇദ്ദേഹത്തെയും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകയ്ക്കും മകൾക്കും ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മറ്റൊരാൾക്കും കൊവിഡ് പിടിപെട്ടതോടെ പാവുമ്പ പാലമൂട് പ്രദേശം അതീവ ജാഗ്രതയിലാണ്. ഇവിടെ ആരോഗ്യ പ്രവർത്തകയുടെ കുടുംബവുമായി അടുത്തിടപഴകിയ മുഴുവൻപേരെയും ഇന്നലെ തണ്ണിർക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയരാക്കി. കൂടാതെ പ്രദേശത്തെ ആട്ടോ ഡ്രൈവർമാ‌ർ, കച്ചവടക്കാർ, പൊലീസുദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരെയും പരിശോധിച്ചു. തഴവ പ്രാഥമികരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ.സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. രണ്ട് കുടുംബങ്ങളിലായി ഏഴുപേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ച കടത്തൂരിൽ പുതിയ കേസുകളൊന്നും റിപ്പോർട്ടാകാത്തത് ആശ്വാസമായിട്ടുണ്ട്. എന്നാൽ ജാഗ്രതാ നടപടികളുടെ ഭാഗമായി കടത്തൂരിൽ ഇപ്പോഴും കർശനന നിയന്ത്രണം തുടരുകയാണെന്ന് തഴവ പഞ്ചായത്ത് സെക്രട്ടറി സി.ജനചന്ദ്രൻ അറിയിച്ചു.