പുനലൂർ: തമിഴ്നാട്ടിൽ നിന്നും ആര്യങ്കാവ് വഴി വരുന്ന പച്ചക്കറിലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം രൂപയുടെ പാൻ പരാഗുമായി തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ ആലംകുളം ശാന്താറാം മാരിയമ്മൻ തെരുവിൽ വൈദ്യലിംഗം (29), മുരുകൻ (29) എന്നിവരാണ് പിടിയിലായത്. അസി. എക്സൈസ് കമ്മിഷണർ ബി .സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ പുനലൂർ ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറി കയറ്റിയെത്തിയ ലോറിയിൽ ഒളിപ്പിച്ചു വച്ചിരുന്ന 3200 പാക്കറ്റ് പാൻപരാഗ് ശേഖരം കണ്ടെത്തിയത്. ആലംകുളത്ത് നിന്നും കൊല്ലം കണ്ണനെല്ലൂരിലേക്ക് പച്ചക്കറിയുമായി എത്തിയതായിരുന്നു ലോറി. പാൻപരാഗുമായി ഒരു ആഴ്ചയിൽ അഞ്ച് ലോഡ് പച്ചക്കറിയാണ് കൊല്ലം ജില്ലയിൽ എത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.ഒരു ലോഡിൽ എത്തിക്കുന്ന പാൻപരാഗിന് അരലക്ഷം രൂപയാണ് അവർക്ക് ലഭിച്ചിരുന്നത്. ഇത് ജില്ലയിലെ കണ്ണനെല്ലൂർ, കൊട്ടിയം, ചാത്തന്നൂർ കൊട്ടാരക്കര ഉൾപ്പെടെയുള്ള വ്യാപാരശാലകൾ വഴി വിറ്റഴിച്ചിരുന്നു. ഒരു കവറിന് 150 രൂപ വരെ ഈടാക്കും. അതിർത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റ് കളിലെ പരിശോധനകൾ കഴിഞ്ഞെത്തിയ വാഹനത്തിൽ നിന്നാണ് പാൻ പരാഗ് ശേഖരം പിടികൂടിയത്.പുനലൂർ എക്‌സൈസ് സി.ഐ.ബി. നിസാമുദ്ദീൻ, സി.പി.ഒമാരായ അശ്വത്, ഷാജി, വിഷ്ണു ,അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുവാക്കളെ അറസ്റ്റു ചെയ്തത്.