പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി
കൊല്ലം: മേവറം- കാവനാട് ബൈപാസ് നാലുവരിയായി വികസിപ്പിക്കുന്നത് പ്രത്യേക പ്രോജക്ടായി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുടെ ഉറപ്പ്. കൊല്ലം ബൈപാസ് വികസനം സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
2019 ഏപ്രിൽ 19ന് തുറന്ന ശേഷം ഫെബ്രുവരി 19 വരെയുള്ള 10 മാസത്തിനിടയിൽ 214 അപകടങ്ങൾ നടന്നു. ഇതിൽ 18 പേർ മരിക്കുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടനിവാരണത്തിന് ബൈപാസ് നാലുവരിയായി വികസിപ്പിക്കുകല്ലാതെ താത്കാലിക മാർഗങ്ങൾ കൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് എം.പി മന്ത്രിയെ ബോദ്ധ്യപ്പെടുത്തി.
ബൈപാസ് വികസനം ദേശീയപാത 66 ന്റെ വികസനത്തോടൊപ്പമാണ് നടക്കുന്നതെങ്കിൽ വലിയ കാലതാമസം ഉണ്ടാകുമെന്നും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും എം.പി യോഗത്തിൽ പറഞ്ഞു. ബൈപാസ് നാലുവരിയാക്കുന്നതോടെ കല്ലുംതാഴം, അയത്തിൽ എന്നീ ജംഗ്ഷനുകളിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകും. നിലവിൽ 13 കിലോമീറ്റർ നീളത്തിൽ രണ്ട് വരി പാതയാണ് ബൈപാസ്.
ബൈപാസ്
ഉദ്ഘാടനം ചെയ്തിട്ട്: 10 മാസം
അപകടങ്ങൾ: 214
മരണം: 18
പരിക്ക്: 194
കടമ്പാട്ടുകോണം - ഒറ്റയ്ക്കൽ റോഡ് ഡി.പി.ആർ ഉടൻ
കടമ്പാട്ടുകോണം മുതൽ ഒറ്റയ്ക്കൽ വരെയുള്ള പുതിയ റോഡിന്റെ നിർമ്മാണം സംബന്ധിച്ച ട്രാഫിക് സ്റ്റഡി നാഷണൽ ഹൈവേ അതോറിറ്റി നടത്തിവരികയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു. റോഡിന്റെ രൂപകല്പനയ്ക്കുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഫീൽഡ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് നിർമ്മിക്കുക. കടമ്പാട്ടുകോണത്ത് നിന്ന് ചടയമംഗലം-പത്തടി-ഒറ്റക്കൽ-കോട്ടവാസൽ വരെ 60 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇതിൽ കടമ്പാട്ടുകോണം മുതൽ ഒറ്റക്കൽ വരെ ഗ്രീൻഫീൽഡും 10 കിലോമീറ്റർ നിലവിലുള്ള റോഡും അവശേഷിക്കുന്ന 10 കിലോമീറ്റർ ഫ്‌ളൈ ഓവറും ആയി രൂപകൽപന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള കൊല്ലം-തിരുമംഗലം എൻ.എച്ച് 744 പാത വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനുള്ള നിർദ്ദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.