ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
കൊല്ലം: ഹാർബറുകൾ തുറന്നാൽ ജില്ലയിൽ വീണ്ടും കൊവിഡ് നിയന്ത്രണാതീതമായി പടരുമെന്ന് ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജില്ലയിൽ നാലാഴ്ചയ്ക്കിടയിൽ ആലപ്പാട് ഒഴികെയുള്ള മറ്റെല്ലാ പ്രദേശങ്ങളിലും കൊവിഡ് വ്യാപനത്തിന്റെ ഉറവിടം മത്സ്യവ്യാപാരികളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തീരത്ത് നിയന്ത്രണങ്ങൾ കൈവിട്ട് പോകുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം ആദ്യം ജില്ലയിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചത്.
ഹാർബറുകൾ തുറക്കുന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെയെത്തുമെന്നാണ് റിപ്പോർട്ടിലെ പ്രധാന മുന്നറിയിപ്പ്. റോഡ് മാർഗമെത്തുന്നവരെ മാത്രമേ നിരീക്ഷണത്തിലാക്കാൻ കഴിയൂ. തമിഴ്നാട്ടിൽ നിന്ന് ചെറുവള്ളങ്ങളിലെത്തി കടലിൽ വച്ച് ബോട്ടുകളിലും വലിയ താങ്ങുവള്ളങ്ങളിലും കയറാൻ സാദ്ധ്യതയുണ്ട്.
ശക്തികുളങ്ങരയിലെ ബോട്ടുകളിലും നീണ്ടകരയിലെ വലിയ വള്ളങ്ങളിലും പണിക്ക് പോകുന്നവരിൽ 30 ശതമാനം മാത്രമാണ് തദ്ദേശിയർ. ബാക്കിയുള്ളവർ അന്യസംസ്ഥാനക്കാരാണ്. ഇതിൽ ബഹുഭൂരിപക്ഷവും തമിഴ്നാട്ടുകാരാണ്. ശക്തികുളങ്ങരയിലെ 700 ഓളം ബോട്ടുകളിൽ ഭൂരിഭാഗത്തിന്റെയും സ്രാങ്കുമാർ തമിഴ്നാട്ടുകാരാണ്. ഇവർ തൊഴിലാളികളെന്നതിനപ്പുറം ബോട്ട് വാങ്ങാനായി വിഹിതം നൽകിയ ഷെയർ ഹോൾഡർമാർ കൂടിയാണ്. അതുകൊണ്ട് തന്നെ ഇവരെ മത്സ്യബന്ധനത്തിൽ നിന്ന് പൂർണമായും മാറ്റിനിറുത്താൻ ബോട്ട് ഉടമകൾക്ക് കഴിയില്ല. നീണ്ടകരയിലെ നീലേശ്വരം തോപ്പിൽ തമിഴ്നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള 65 വള്ളങ്ങളുണ്ട്.
ലോക്ക് ഡൗണിന് ശേഷം മത്സ്യബന്ധനം പുനരാരംഭിച്ചപ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പക്ഷെ ദിവസങ്ങൾക്കുള്ളിൽ പാളി. വൻതോതിൽ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കരമാർഗവും കടൽ മാർഗവുമെത്തി. തമിഴ്നാട്ടിൽ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മത്സ്യമെടുക്കാൻ വരുന്ന ലോറിത്തൊഴിലാളികളുമായുള്ള സമ്പർക്ക സാദ്ധ്യതയും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
21 അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്
ശക്തികുളങ്ങരയിൽ നിന്ന് ബോട്ടിൽ പോകാൻ നേരത്തെയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 21 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 240 തമിഴ്നാട്ടുകാർ മാത്രമാണ് ഇതുവരെ മത്സ്യബന്ധനത്തിനായി ഔദ്യോഗിക കണക്ക് പ്രകാരം എത്തിയിട്ടുള്ളത്. മൂവായിരത്തോളം തമിഴ്നാട്ടുകാർ മാത്രം നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രകീരിച്ച് മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരുന്നതാണ്.
ഒരുമിച്ച് തുറന്നേക്കില്ല
ജില്ലയിലെ ഹാർബറുകളും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളും ഈമാസം 5ന് തന്നെ ഒരുമിച്ച് തുറന്നേക്കില്ല. മത്സ്യബന്ധനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തുറക്കേണ്ട ഹാർബറുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.