കൊല്ലം: കറിച്ചട്ടിയിൽ മീനില്ലാതായതോടെ അടുക്കളയിലും തീൻമേശയിലും മുട്ടയുടെ രുചിമേളം. അതിർത്തി കടന്ന് ദിവസവും വൻ തോതിൽ മുട്ട എത്തുന്നുണ്ടെങ്കിലും നാടൻ മുട്ടകൾക്കാണ് ആവശ്യക്കാരേറെ. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ അതിർത്തികൾ അടഞ്ഞപ്പോൾ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള മുട്ട വരവ് നിലച്ചിരുന്നു.
ഇത് അതിർത്തിക്കപ്പുറത്തെ കർഷകരെ വലച്ചെങ്കിലും നാട്ടിൻ പുറത്തെ വീട്ടുവളപ്പിൽ കോഴിയെ വളർത്തുന്നവരെ തേടി ആവശ്യക്കാരെത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അയഞ്ഞെങ്കിലും നാടൻ മുട്ടകൾക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് മാറ്റമില്ല. കോഴിമുട്ടയ്കക്കൊപ്പം താറാവ് മുട്ടയും രുചിയുടെ വൈവിദ്ധ്യ വിഭവങ്ങൾക്കായി അടുക്കളയിലുണ്ട്.
മുട്ട ഓംലെറ്റ്, ബുൾസ് ഐ, മുട്ട തോരൻ, മുട്ട റോസ്റ്റ്, മുട്ട പുഴുങ്ങിയത്, മുട്ട ഫ്രൈ, സ്പെഷ്യൽ ഓംലെറ്റ്, മുട്ട പുഡിംഗ് , മുട്ട പഫ്സ് തുടങ്ങിയ മുട്ടയുടെ വിഭവങ്ങൾ നീളുകയാണ്. കൊവിഡ് കാലം മിക്ക വീടുകളിലും പാചക പരീക്ഷണ കാലം കൂടിയായതോടെ അതിനും മുട്ട കൂടിയേ തീരൂ.
വീട്ടുവളപ്പിൽ കോഴി വളർത്തൽ കൂടി
എല്ലാ വീട്ടിലും അഞ്ച് കോഴിയെ എങ്കിലും വളർത്താൻ ശ്രമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ലോക്ക് ഡൗൺ കാലത്ത് മുട്ട തേടി അലഞ്ഞ മിക്കവരുടെയും വീട്ടിൽ ഇന്ന് കോഴിയെ വളർത്തുന്നുണ്ട്. അതിനൊപ്പം വരുമാന മാർഗമെന്ന നിലയിൽ 25 മുതൽ 100 വരെ മുട്ടക്കോഴികളെ വളർത്താൻ തുടങ്ങിയവരും നിരവധിയാണ്. 20 രൂപ നിരക്കിൽ സർക്കാർ ഹാച്ചറികളിൽ നിന്ന് മുട്ടക്കോഴിയുടെ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ലഭിക്കും. ഒരു ദിവസം പ്രായമായ പൂവൻ കോഴി കുഞ്ഞുങ്ങളുടെ വില എട്ട് രൂപയാണ്.
നേട്ടമില്ലാത്ത കോഴി കർഷകർ
നാടൻ മുട്ടയ്ക്ക് ആവശ്യക്കാർ ഏറിയെങ്കിലും കർഷകർക്ക് നേട്ടമില്ല. അഞ്ച് മുതൽ ആറുരൂപ വരെയാണ് ഒരു കോഴി മുട്ടയ്ക്ക് ലഭിക്കുന്ന മൊത്ത വില. 25 കോഴിയെ വളർത്തുന്ന കർഷകന് ദിവസം ശരാശരി 16 മുതൽ 18 വരെ മുട്ടയേ ലഭിക്കാറുള്ളൂ. മുട്ട വിറ്റ് കിട്ടുന്ന തുക കൊണ്ട് തീറ്റ വാങ്ങാൻ പണം ലഭിക്കാത്ത അവസ്ഥയാണ് കർഷകരിൽ മിക്കവർക്കും.
വിൽപ്പന വില
കോഴി മുട്ട: 6 - 8 രൂപ
താറാവ് മുട്ട: 9 -12 രൂപ
''
നാടൻ മുട്ടകൾക്ക് ആവശ്യക്കാരേറെയാണ്. പക്ഷേ തീറ്റ ചെലവും നോട്ടക്കൂലിയും കൂടിയാകുമ്പോൾ കർഷകന് മിച്ചം നഷ്ടമാണ്.
ആർ. കിഷോർ
കർഷകൻ