
ആകാശത്തുനിന്ന് ആലിപ്പഴം പെയ്യുന്നത് കാണാൻ നല്ല രസമാണ് അല്ലേ.
പക്ഷേ, ആലിപ്പഴത്തിനുപകരം ചിലന്തി മഴയായാലോ.. അങ്ങനെയൊരു മഴ പെയ്തതായി കേട്ടിട്ടുണ്ടോ.
എന്നാൽ, കേട്ടോളൂ.. ഓസ്‌ട്രേലിയയിലും ബ്രസീലിലുമൊക്കെ ഈ ചിലന്തി മഴ സാധാരണമാണത്രെ. അവിടെയുള്ളവരെ അത് തെല്ലും അത്ഭുതപ്പെടുത്താറില്ല. കുറച്ചുകാലം മുൻപ് ദക്ഷിണ ബ്രസീലിലെ മിനാഷെ ഗെറിയാസിൽ ആയിരക്കണക്കിന് ചിലന്തികൾ ആകാശത്തുനിന്നു ഭൂമിയിലേക്ക് പെയ്തിറങ്ങി. സിസിലിയ ജുനിഹോ ഫോൻസെക തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ ചിലന്തിമഴ പെട്ടെന്നാണ് വൈറലായത്.
ഇതിനുമുമ്പ് 2015ൽ ഓസ്‌ട്രേലിയയിലും സ്‌പൈഡർ മഴ പെയ്തിരുന്നു. എന്തായിരുന്നു ആ ചിലന്തിമഴയ്ക്ക് പിന്നിലെ രഹസ്യം. പരാവിക്‌സിയ ബിസ്റ്റിറിയേറ്റ എന്ന വിഭാഗത്തിൽപ്പെട്ട ചിലന്തികൾ കൂട്ടത്തോടെ ജീവിക്കുന്നവയാണ്. അവ കഴിയുന്നത്ര ഉയരത്തിലേക്ക് കയറി ഒരുമിച്ച് വല നെയ്യും. അതിനെ ബലൂണിംഗ് എന്നാണ് വിളിക്കുക. കാറ്റ് അവയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അവ മഴപോലെ അവിടെ പെയ്തിറങ്ങുന്നു.
പക്ഷേ, ബ്രസീലിൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. അവ കൂട്ടത്തോടെ ആകാശത്ത് നിന്ന് പെയ്തിറങ്ങുകയല്ല, മറിച്ച് രണ്ട് മലകൾക്കിടയിൽ വലിയ വല കെട്ടി താമസമാക്കുകയായിരുന്നു. ഈ ചിലന്തികൾ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്നതായി കണ്ടു നിന്നവർക്ക് തോന്നിയതാണത്രേ. വലകൾ വളരെ ചെറുതായതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് എളുപ്പത്തിൽ കാണുവാൻ കഴിയുകയുമില്ല. പ്രത്യക്ഷത്തിൽ അവ മഴപോലെ പെയ്തിറങ്ങുന്നതായി തോന്നുകയും ചെയ്യും. ഈ പ്രതിഭാസത്തെ അവിടെയുള്ളവർ ചിലന്തി മഴ എന്നാണ് വിളിക്കാറ്. നാം വിചാരിക്കുന്നതുപോലെ അവിടയുള്ളവർക്ക് ഈ ചിലന്തികളോട് വിരോധമൊന്നുമില്ല. വിഷമില്ലാത്ത ഈ ചിലന്തികൾ പ്രദേശവാസികൾക്ക് വലിയ ശല്യവുമല്ല. പ്രദേശത്തെ കൊതുകുകളെയും ചെറു പ്രാണികളെയും ഇവ ശാപ്പിടുകയും ചെയ്തും.