തൊടിയൂർ: ' ഒരാളും വിശന്നിരിക്കരുത്, മനുഷ്യർ മാത്രമല്ല മറ്റു ജീവികളുടെ കാര്യത്തിലും ശ്രദ്ധവേണം.കൊവിഡിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണിത്. എന്നാൽ മനുഷ്യർക്കായി സമൂഹ അടുക്കളകളും സന്നദ്ധസംഘടനകളും രംഗത്തുവന്നു. മിണ്ടാപ്രാണികൾക്ക് കാര്യമായ സഹായസഹകരണങ്ങൾ എങ്ങുനിന്നും ഉണ്ടായില്ല. ലോക്ക് ഡൗൺ കാലവും ഇപ്പോഴുള്ള കൊവിഡ് നിയന്ത്രണങ്ങളും ഏറ്റവുമധികം ബാധിച്ചത് മനുഷ്യരേക്കാളേറെ മിണ്ടാപ്രാണികളെയായിരുന്നു. അല്ലെങ്കിൽ ഹോട്ടലുകളിലെ കല്ല്യാണവീടുകളിലെയോ മറ്റ് ആഘോഷങ്ങളുടെയോ അടുക്കളകൾ ബാക്കി വയ്ക്കുന്നതുകൊണ്ട് സുഭിക്ഷമായി കഴിഞ്ഞിരുന്നവരാണ് അടച്ചുപൂട്ടലുകളിൽ പട്ടിണിയിലായത്.
കല്യാണം ഇല്ല, വഴിപാടുമില്ല.
ഇടക്കുളങ്ങര ദേവീ ക്ഷേത്ര പരിസരത്ത് തമ്പടിക്കുന്ന നായ്ക്കൂട്ടം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹസദ്യകളും വഴിപാടുകളുമൊക്കെ വയറുനിറയെ കഴിച്ചിരുന്നു. കൊവിഡ് തുടങ്ങിയതോടെ കല്യാണം ഇല്ല, വഴിപാടുമില്ല.അടച്ചു പൂട്ടിയ ഗേറ്റിന് പുറത്തു നിന്ന് തൊഴതുമടങ്ങുന്ന കുറച്ചു ഭക്തർ മാത്രമേ ക്ഷേത്രത്തിൽ എത്താറുള്ളു. ഭക്ഷണമോ വെള്ളമോ കിട്ടാതെ നായ്ക്കൾ പരവശരായി. ചിലതിന് എഴുന്നേറ്റ് നിൽക്കാൻ പോലുമാവുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ വല്ലപ്പോഴുംഇവർക്ക് ബിസ്ക്കറ്റും അപ്പവുമൊക്കെ നൽകി.
വീടുകൾ തേടിയിറങ്ങി
കൊവിഡ് കാലമാണെന്നൊന്നും അറിയാത്ത നായകൾ സ്ഥിരമായി പോകാറുളള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും മുന്നിൽ പ്രതീക്ഷയോടെ കാത്തിരുന്ന് ഒന്നും കിട്ടാതെയായപ്പോൾ വിശപ്പടക്കാനുള്ള മാർഗവും കണ്ടുപിടിച്ചു. വിശപ്പുവിളിച്ചു തുടങ്ങുമ്പോൾ പതിയെ പരിസരത്തെ വീടുകളിലേക്കും ഇൻഡ്സ് ട്രിയൽ എസ്റ്റേറ്റിലേക്കും ഭക്ഷണം തേടിയിറങ്ങും.വീടുകളിൽ നിന്നു ലഭിച്ച ഭക്ഷണം കഴിച്ച് മടങ്ങിവന്ന് ഇടക്കുളങ്ങര ദേവീ ക്ഷേത്ര മൈതാനത്ത് ഉറക്കം തുടങ്ങും. വയറുവിശക്കുമ്പോൾ വീണ്ടും പുറപ്പെടും.
ഭക്ഷണം കഴിച്ച് മടങ്ങും. എല്ലാവരും മൈതാനത്ത് ഉറങ്ങുമ്പോൾ കൂട്ടത്തിൽ ഒരെണ്ണം പരിസര നിരീക്ഷണത്തിനെന്നവണ്ണം ഉണർന്നിരിക്കുമത്രെ. നാട്ടുകാർക്കോ മറ്റ് മൃഗങ്ങൾക്കോ ഒന്നും ഇവരുടെ ഭാഗത്തുനിന്ന് ഒരു വിധത്തിലുമുള്ള ഉപ്രദ്രവവും ഇല്ല.
മാസങ്ങളായി ഈ നായ്ക്കൾ വീടുകളിൽ നിന്ന് ഭക്ഷണം തേടിയാണ് ജീവിക്കുന്നത്. പത്തു നായക്കളുണ്ട് . രണ്ടെണ്ണം കൃത്യമായി എന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കും. മറ്റുള്ളവ അകലെയുള്ള വീടുകളിലേക്കാണ് പോകാറ്. അടുത്തിടെ ഒരു നായയെ വാഹനം തട്ടിപരിക്കേറ്റു.വിവരമറിഞ്ഞ് സമീപത്തെ മൃഗാശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി ചികത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ചന്ദ്രശേഖരൻനായർ (എൽ.ഐ.സി ഉദ്യോഗസ്ഥൻ)
പ്രദേശവാസി