അഞ്ചൽ: ഗവ. ആശുപത്രിയിൽ സൂപ്രണ്ട് ഇല്ലാത്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നു. ഇവിടുത്തെ സൂപ്രണ്ട് സ്ഥലം മാറിപോയിട്ട് ആറുമാസം പിന്നിട്ടിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. നിലവിൽ ഇതേ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് താത്ക്കാലിക ചുമതല നൽകിയിരിക്കുകയാണ്. കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച പ്രദേശമാണിത്. ഒരു പഞ്ചായത്ത് മെമ്പർ ഉൾപ്പടെ 9 പേർക്കാണ് കഴിഞ്ഞ ദിവസം ഈ മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പിന് അനാസ്ഥ

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഇവിടെ കൊവിഡ് വർദ്ധിക്കാൻ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന പലരും നാട്ടിലിറങ്ങി ഇറങ്ങി സഞ്ചരിച്ചിട്ടും ആരോഗ്യ വകുപ്പുകാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം മന്ത്രി കെ. രാജു പങ്കെടുത്ത ചടങ്ങിലും ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചിലർ പങ്കെടുത്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടിട്ടും ആരോഗ്യവകുപ്പ് കണ്ണടക്കുകയായിരുന്നു. ഈ പ്രദേശത്ത് എത്രപേർ ക്വാറന്റൈനിൽ കഴിയുന്നെന്നുള്ള വിവരം പോലും ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇവിടെ കൊവിഡ് പരിശോധനയ്ക്കും ഒരു മാനദണ്ഡവും പാലിക്കുന്നില്ല. ചില ജീവനക്കാരുടെ താത്പര്യമനുസരിച്ചുള്ള പരിശോധനകൾ മാത്രമാണ് ഇവിടെ നടക്കുന്നത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നവരുടെ സ്രവ പരിശോധന ആഴ്ചകൾ പിന്നിട്ടാലും നടത്താൻ തയ്യാറാകുന്നില്ല. മാത്രമല്ല പരിശോധന നടത്തിയവരുടെ റിസൾട്ട് ലഭിച്ചാലും അത് ബന്ധപ്പെട്ട ആളിനെ അറിയിക്കാനും നിലവിലെ സൂപ്രണ്ട് ഉൾപ്പടെയുളളവർ തയ്യാറാകുന്നില്ല. ഗൾഫിൽ നിന്നും വന്ന ഏറം സ്വദേശിയായ യുവാവിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടും മൂന്നാഴ്ചയോളം ആയിട്ടും നാളിതുവരെ പരിശോധനാഫലം അറിയിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി വീഴ്ചകളാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

സൂപ്രണ്ടിനെ നിയമിക്കണം

ആശുപത്രിയുടെ അധീനതയിലുള്ള മിക്ക പ്രദേശങ്ങളും ഇപ്പോൾ കൊവിഡ് നിയന്ത്രിത മേഖലയാണ്. അഞ്ചൽ മേഖലയിൽ ആളുകൾക്ക് കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അഞ്ചൽ ഗവ. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമം ആക്കുന്നതിനായി അടിയന്തിരമായി സൂപ്രണ്ടിനെ നിയമിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നിരവധി പരാതികാളാണ് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജുവിനും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.