kunnathur
തകർന്നു കിടക്കുന്ന പൈപ്പ് റോഡ്

കുന്നത്തൂർ:ശാസ്താംകോട്ട, മൈനാഗപ്പള്ളി,തേവലക്കര,പൻമന പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പൈപ്പ് റോഡ് തകർന്ന് തരിപ്പണമായിട്ടും കണ്ണ് തുറക്കാതെ അധികൃതർ. ശാസ്താംകോട്ടയിൽ നിന്ന് ചവറയിലേക്കുള്ള പ്രധാന പാതയ്ക്ക് സമാന്തരമായാണ് പൈപ്പ് റോഡ് കടന്നു പോകുന്നത്.നിരവധി സമരങ്ങൾക്കൊടുവിൽ ശാസ്താംകോട്ട മുതൽ ടൈറ്റാനിയം വരെയുള്ള റോഡ് ഒന്നരപ്പതിറ്റാണ്ട് മുൻപാണ് അവസാനമായി ടാർ ചെയ്തത്. പിന്നീട് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കുഴിയേത് റോഡേത് എന്ന് തിരിച്ചറിയാനാകുന്നില്ല

11 കിലോമീറ്റർ ദൂരമുള്ള റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്.റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറിന്റെ അംശം പോലും കാണാനില്ല.ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിരിക്കയാണ്.മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത് റോഡേത് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്.ഇതിനാൽ അപകടങ്ങളും പതിവാണ്.ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.മെറ്റലുകൾ ഇളകി തെറിച്ച് കിടക്കുന്നതിനാൽ കാൽ നടയാത്രയും ബുദ്ധിമുട്ടിലാണ്.

വലിയവാഹനങ്ങൾ ചീറിപ്പായുന്നു

വാട്ടർ അതോറിട്ടിയുടെ അധീനതയിലുള്ള ഈ റോഡിൽ കൂടിയാണ് കൊല്ലത്തേക്ക് കുടിവെള്ളം കൊണ്ട് പോകുന്ന പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡ്‌ നിർമ്മാണം പൂർത്തിയായപ്പോൾ വാട്ടർ അതോറിട്ടി വിവിധ ഭാഗങ്ങളിൽ ഇരുമ്പ് ക്രോസ് ബാറുകൾ സ്ഥാപിച്ചിരുന്നു.വലിയ വാഹനങ്ങൾ ഇതു വഴി കടന്ന് പോകാതിരിക്കാനായിരുന്നു ഈ നടപടി.എന്നാൽ മണ്ണ്,ചെളി മാഫിയകൾ ഈ റോഡിലൂടെ വലിയ വാഹനങ്ങളുമായി ചീറിപായുകയും പലയിടത്തും ക്രോസ് ബാറുകൾ ഇടിച്ച് തെറിപ്പിച്ച് കളയുകയും ചെയ്തു.

ഗ്രാമ പഞ്ചായത്തുകൾക്ക് ഒന്നും ചെയ്യാനാവില്ല

റോഡിന് ഇരുവശത്തുമായി നൂറ് കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.മറ്റ് പ്രദേശങ്ങളിലേക്ക് പോകാനുള്ള ഏക ആശ്രയം ഈ റോഡ് മാത്രമാണ്. വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള റോഡ് ആയതിനാൽ ഗ്രാമ പഞ്ചായത്തുകൾക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.അതിനിടെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.