കുന്നത്തൂർ: കൊവിഡ് 19 സമൂഹ വ്യാപനത്തെ തുടർന്ന് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട രാജഗിരി ഗ്രാമം ഒറ്റപ്പെട്ടു.ആഴ്ചകളായി കണ്ടെയ്ൻമെന്റ് സോൺ, പിന്നീട് റെഡ് സോൺ,ഒടുവിലായി ക്രിട്ടിക്കൽ സോൺ എന്നിങ്ങനെ നിയന്ത്രണ വലയത്തിലാണ് ശാസ്താംകോട്ട പഞ്ചായത്ത്. ഇവിടെ ഏറ്റവും ദുരിതമനുഭവിക്കുന്ന രാജഗിരിയിൽ സമ്പർക്കത്തിലൂടെ 16 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനാൽ അധികൃതരുടെ നിർദേശത്തെ തുടർന്ന് രാജഗിരിയിലുള്ള മുഴുവൻ ആളുകളും ഗൃഹനിരീക്ഷണത്തിലാണ്.
400 കുടുംബങ്ങൾ പട്ടിണിയിലേക്ക്
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ രാജഗിരിയുടെ മൂന്ന് ഭാഗവും കായലിനാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ആഞ്ഞിലിമൂടിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ ഒറ്റ പ്രവേശന കവാടം മാത്രമുള്ള ഇവിടെ ഏകദേശം നാനൂറോളം കുടുംബങ്ങളാണുള്ളത്. അതിൽ 90 ശതമാനവും പാവപ്പെട്ട മത്സ്യ തൊഴിലാളികളും. വൈകുന്നേരങ്ങളിൽ ബസ് കയറി കാഞ്ഞിരോട്, കായംകുളം,കല്ലുകടവ്,പട്ടകടവ് എന്നിവിടങ്ങളിൽ പോയി മീൻപിടുത്തം നടത്തിയ ശേഷം പിറ്റേ ദിവസം രാവിലെ തിരിച്ചെത്തുന്നവർ.എന്നാൽ പുറത്തേക്കിറങ്ങാൻ കഴിയാതെ അവരിപ്പോൾ വലയുകയാണ്.മാസങ്ങളായി ജോലിക്കു പോകാൻ കഴിയാത്തതിനാൽ മിക്ക വീടുകളും പട്ടിണിയിലാണ്.
സാധനങ്ങൾ വാങ്ങാൻ പണമില്ല
നിരന്തരമായ ആവശ്യത്തെ തുടർന്ന് വല്ലപ്പോഴും കൺസ്യൂമർഫെഡിന്റെ വാഹനവും പച്ചക്കറി വാഹനവും എത്തിച്ചേരാറുണ്ട്. എന്നാൽ പണമില്ലാത്തതിനാൽ പലർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനുമാകുന്നില്ല.ആകെയുള്ള കവാടം പൊലീസ് കാവലിലാണ്.ഇതിനാൽ ഗ്രാമത്തിൽ നിന്നും ആർക്കും പുറത്തേക്കിറങ്ങാനും കഴിയുന്നില്ല. ഫ്രണ്ട്സ് രാജഗിരി എന്ന വാട്സാപ്പ് കൂട്ടായ്മയും രാഷ്ട്രീയ സംഘടനകളും എത്തിക്കുന്ന സഹായത്താലാണ് ഗ്രാമവാസികൾ കഴിയുന്നത്.
മത്സ്യ തൊഴിലാളികൾക്ക് അടിയന്തിര സഹായമെത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിസന്ധി തീരും വരെ അരിയും പലവ്യജ്ഞനങ്ങും എത്തിച്ചു നൽകണം.
സ്റ്റാലിൻ രാജഗിരി, കോൺഗ്രസ് നേതാവ്