കുന്നത്തൂർ : കൊല്ലം - തേനി ദേശീയപാതയിൽ ചക്കുവള്ളിക്കും ഭരണിക്കാവിനും മദ്ധ്യേയുള്ള കയ്യേറ്റം ഒഴിപ്പിച്ച് ഓട നിർമ്മിക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു.റോഡിനോട് ചേർന്ന് കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം.ഇരുവശങ്ങളിലും വീതി കൂട്ടി പാറയിൽ ജംഗ്ഷനിലെ കലുങ്ക് പാലം നവീകരിക്കുകയും കലുങ്കിനോട് ചേർന്ന് യാത്രക്കാർക്ക് തടസമായി നിൽക്കുന്ന ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കുകയും വേണം.ദേശീയ പാതയിലെ പുറമ്പോക്ക് ഭൂമി കയ്യേറി പഴയ ഓടകൾക്ക് മീതേ കടകളുടെ മതിലുകളും കെട്ടിയിരിക്കുന്നത്പൊളിച്ചു നീക്കി റോഡ് വികസനം യാഥാർത്ഥ്യമാക്കണം.അതിർത്തി നിർണയം നടത്താതെ കോടികൾ ചിലവാക്കി നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.ഇത് എൻഎച്ച് 183 ന്റെ വികസനങ്ങൾക്ക് തടസമായി മാറും. ഇതിനാൽ ഹൈവേ അതോറിട്ടി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തണമെന്ന് ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി വിജയചന്ദ്രൻ നായർ ആവശ്യപ്പെട്ടു.