photo
കൊട്ടാരക്കര പുലമൺ ജംഗ്ഷൻ

കൊല്ലം: കൊട്ടാരക്കര പുലമൺ കവലയിൽ മേൽപ്പാലം നിർമ്മാണത്തിന് അന്തിമ രൂപരേഖ സമർപ്പിച്ചിട്ടും സാങ്കേതിക അനുമതിയായില്ല.എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയ പാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മേൽപ്പാലം ചുവപ്പ് നാടയിൽ കുടുങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. 55 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി കണക്കാക്കിയിരുന്നത്. ടോക്കൺ അഡ്വാൻസായി നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടികൾക്ക് വേഗതയുണ്ടായില്ല. അധികരിച്ച തുക അനുവദിയ്ക്കുന്നതിന് മന്ത്രിയുടെ ഓഫീസിൽ പ്ളാനും എസ്റ്റിമേറ്റും എത്തിയിട്ടുണ്ടെങ്കിലും ഫയലിന് അനക്കമില്ല. ചില ഇടപെടലുകൾ പാലം വരുന്നതിന് എതിരായി നടക്കുന്നുണ്ടെന്നാണ് വിവരം.

നിർമ്മാണത്തിന് 55

കോടി രൂപ

നാല് കോടി രൂപ അനുവദിച്ചു

സ്റ്റീലിന് പകരം കോൺക്രീറ്റ് പാലം

2018 ഡിസംബർ 1ന് എലിക്കാട്ടൂരിൽ പാലം ഉദ്ഘാടന വേളയിൽ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള മന്ത്രി ജി.സുധാകരനോട് പുലമണിൽ സ്റ്റീൽ പാലം നിർമ്മിക്കണമെന്ന ആശയം ഉന്നയിക്കുകയും മന്ത്രി അതിന് പച്ചക്കൊടി കാട്ടുകയുമായിരുന്നു.

കെ.ബി.ഗണേശ് കുമാർ എം.എൽ.എയോട് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി തുടർ നടപടി കൈക്കൊള്ളാൻ മന്ത്രി അപ്പോൾ തന്നെ നിർദ്ദേശിക്കുകയും ചെയ്തു. ഗണേശ് കുമാർ കൊട്ടാരക്കരയിലെത്തി പാലം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകൾ വിലയിരുത്തുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു. എന്നാൽ തന്റെ മണ്ഡലത്തിലെ കാര്യത്തിൽ ഗണേശ് കുമാർ ഇടപെട്ടതിനെ പി.ഐഷാപോറ്റി എം.എൽ.എ വിമർശിച്ചു. തുടർന്ന് സ്റ്റീൽ പാലത്തിന് പകരം കോൺക്രീറ്റ് പാലം മതിയെന്ന തീരുമാനവുമെടുത്തു.

പദ്ധതി ഇങ്ങനെ

750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലമാണ് ഇവിടെ വിഭാവനം ചെയ്തത്. ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡും ഉണ്ടാകും. പ്ളാനിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ 2.5 മീറ്റർ വീതിയിലും അടൂർ ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും ഫുട്പാത്തുകളും ക്രമീകരിച്ചിരുന്നു. 30 മീറ്റർ അകലത്തിൽ 25 തൂണുകൾ ഉൾക്കൊള്ളുന്ന കോൺക്രീറ്റ് പാലമാണ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. ഭൂഗർഭ അറകൾ വൈദ്യുതി കേബിളുകളും ജല അതോറിറ്റിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കും. ഇതിന് പ്രത്യേക ഭൂഗർഭ അറകളൊരുക്കും. പാലത്തിൽ ആവശ്യമായ വഴിവിളക്കുകളും സ്ഥാപിക്കും.

പാലം നിർമ്മിക്കും

പുലമൺ ജംഗ്ഷനിൽ കോൺക്രീറ്റ് പാലം നിർമ്മിക്കുന്ന കാര്യത്തിൽ പിന്നോട്ട് പോകില്ല. അന്തിമ രൂപരേഖ സമർപ്പിച്ച് എ.എസ് കിട്ടി. അധികരിച്ച തുക കൂടി ലഭിക്കാൻ മന്ത്രിയുടെ ഓഫീസിൽ ഫയൽ നൽകി. നിയമസഭയിൽ സബ് മിഷന് മറുപടിയായി ഉറപ്പ് തന്നതാണ് പാലത്തിന്റെ കാര്യം. അതുകൊണ്ടുതന്നെ യാഥാർത്ഥ്യമാക്കും. കൊവിഡിന്റെ പ്രശ്നങ്ങളാൽ സാങ്കേതിക അനുമതിയ്ക്കും തുടർ നടപടികൾക്കും വേഗതക്കുറവ് വന്നതാണ്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപെ ശിലാസ്ഥാപനം നടത്തി നിർമ്മാണം തുടങ്ങും.

പി.ഐഷാപോറ്റി എം.എൽ.എ