കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് പിടിവിടുന്നു, ഇന്നലെ മുസ്ളീം സ്ട്രീറ്റിലും മൈലം പഞ്ചായത്തിലെ കോട്ടാത്തലയിലും മാത്രമാണ് ഓരോ പോസിറ്റീവ് കേസുകളുള്ളത്. സമൂഹ വ്യാപന വക്കിൽ നിന്ന വെട്ടിക്കവല പഞ്ചായത്തിലടക്കം കൊട്ടാരക്കര മേഖലയിലെ മറ്റ് പഞ്ചായത്തുകളെല്ലാം പുതിയ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ്. മുസ്ളീം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസവും ഒരാൾക്ക് പോസിറ്റീവായിരുന്നു. ഇന്നലെ 90 പേർക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിലൊരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൈലം പഞ്ചായത്തിലെ കോട്ടാത്തല പണയിൽ ഭാഗത്തെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതും സമ്പർക്കത്തിലൂടെയാണ്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട നെടുവത്തൂർ പഞ്ചായത്തിലെ താമസക്കാരായ ബന്ധുക്കളം നിരീക്ഷണത്തിലാണ്. സമീപത്തെ കടകളും അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.