കൊല്ലം: കൊവിഡിനെ പ്രതിരോധിക്കാൻ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സാനിറ്റൈസിംഗ് ഹബുകൾ സ്ഥാപിക്കുന്നു. ആദ്യ സാനിറ്റൈസിംഗ് ഹബ് താലൂക്ക് കച്ചേരി ജംഗ്ഷനിൽ എ.സി.പി എ. പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്തു.
യാത്രക്കാർ കൂടുതലായെത്തുന്ന സ്ഥലമെന്ന നിലയിലാണ് ആട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സാനിറ്റൈസറുകൾ സജ്ജീകരിക്കുന്നത്. ഓട്ടോ ഡ്രൈവർമാർക്ക് പുറമേ യാത്രക്കാർക്കും ഉപയോഗിക്കാം. ട്രാഫിക് എൻഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ തന്നെ ഹബുകൾ പരിപാലിക്കും. വരുംദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും സൗകര്യമൊരുക്കുമെന്ന് ട്രാഫിക് എസ്.ഐ പി. പ്രദീപ് പറഞ്ഞു.